എല്‍ഡിഎഫുമായി ഐഎന്‍എല്‍ സഹകരിക്കും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സഹകരണം തുടരാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ വീട്ടില്‍ മാര്‍ച്ച് 20 ചൊവാഴ്ചയായിരുന്നു യോഗം.
കാലാകാലമായി തുടരുന്ന നയത്തില്‍ ഐഎന്‍എല്‍ മാറ്റം വരുത്തില്ലെന്ന് യോഗതീരുമാനം വിശദീകരിച്ച പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് എസ്.എ.പുതിയവളപ്പില്‍ ,ജനറല്‍ സെക്രട്ടറി പി.എം.എ.സലാം എന്നിവര്‍ പറഞ്ഞു. മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ ഐഎന്‍എല്‍ തന്നെയാണ് പ്രഖ്യാപിക്കുക.
ഐഎന്‍എല്ലുമായുള്ള ബന്ധത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന് എതിര്‍പ്പുണ്ടെന്ന വാര്‍ത്ത നേതാക്കള്‍ നിഷേധിച്ചു. ഐഎന്‍എല്‍ ഇടതുമുന്നണിയുടെ ഭാഗമല്ലെന്നാണ് അച്യുതാനന്ദന്‍ പറഞ്ഞത്. ഒരു മുന്നണിയിലും ഐഎന്‍എല്‍ ഭാഗഭാക്കല്ല. എല്‍എഡിഎഫിന്റെ ഘടകമാവാന്‍ താത്പര്യവുമില്ല. സ്വന്തമായ അസ്തിത്വം പാര്‍ട്ടി പുലര്‍ത്തും. സിപിഎമ്മിന്റെ നിലപാട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പി.എം.എ. സലാം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മലബാറിലെ മണ്ഡലങ്ങളില്‍ ഐഎന്‍എല്ലിന്റെ സാന്നിധ്യമുണ്ടാകും. കഴിഞ്ഞ തവണ മത്സരിച്ച മലപ്പുറം, തിരൂര്‍, കുറ്റിപ്പുറം, താനൂര്‍, കണ്ണൂര്‍, കൊടുവള്ളി എന്നീ മണ്ഡലങ്ങളില്‍ ഐഎന്‍എല്ലിന്റെ സാന്നിധ്യമുണ്ടാകും. 25ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിന് ശേഷം ചിത്രം വ്യക്തമാകുമെന്നും സലാം പറഞ്ഞു.












Click it and Unblock the Notifications