യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചര്‍ച്ച യുഡിഎഫ് മാര്‍ച്ച് 20 ചൊവാഴ്ച പുനരാരംഭിച്ചു. ബാംഗ്ലൂരില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ പോയതിനാല്‍ മൂന്നു ദിവസം മുമ്പ് ചര്‍ച്ച നീട്ടിവെക്കുകയായിരുന്നു.
എഐസിസി സമ്മേളനം കഴിഞ്ഞ് എത്തിയ കെ. കരുണാകരന്‍, എ.കെ. ആന്റണി, തെന്നല ബാലകൃഷ്ണപിള്ള, ഉമ്മന്‍ ചാണ്ടി, കെ. ശങ്കരനാരായണന്‍ തുടങ്ങിയ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഘടകകക്ഷികളുടെ സീറ്റിന്റെ കാര്യത്തില്‍ ചൊവാഴ്ച തന്നെ അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നത്.
മൂന്നു ദിവസം മുമ്പു തന്നെ ഘടകകക്ഷികള്‍ക്കുള്ള സീറ്റില്‍ ഏകദേശ ധാരണയായെങ്കിലും മാണിഗ്രൂപ്പ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത് മുന്നണി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മറ്റു കക്ഷികളുടെ കാര്യത്തില്‍ തല്‍ക്കാലം മുന്നണിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
എന്നാല്‍ കക്ഷികളുടെ സീറ്റുകളുടെ എണ്ണം തീരുമാനിച്ചു കഴിഞ്ഞാലും മണ്ഡലം ഏതെന്ന തര്‍ക്കം ഇനിയും നീണ്ടുപോയേക്കും. വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ നോക്കി പ്രധാന നേതാക്കളെല്ലാം നെട്ടോട്ടത്തിലാണ്. പല നേതാക്കളും മണ്ഡലം മാറി മത്സരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 20, 21, 22 തീയതികളില്‍ ഘടകകക്ഷികളുടെ പ്രശ്നങ്ങള്‍ ഉഭയകക്ഷിചര്‍ച്ചകളിലൂടെ അവസാനിപ്പിക്കാമെന്ന് നേതൃത്വം കരുതുന്നു.
ഘടകകക്ഷികളുടെ പ്രശ്നത്തേക്കാളേറെ മുന്നണിയെ അലട്ടുന്നത് കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളാണ്. എ, ഐ ഗ്രൂപ്പുകള്‍ മുന്‍ നിരയിലും മറ്റു ഗ്രൂപ്പുകള്‍ പിന്നണിയിലുമായി നേതാക്കള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കെ. മുരളീധരനെ കെപിസിസി പ്രസിഡണ്ടാക്കണമെന്നുള്ള കരുണാകരന്റെ നിലപാട് ഹൈക്കമാണ്ടിന് തീര്‍ച്ചയായും തലവേദനയാണ്. ഇതിനു പുറമെയാണ് മുന്‍ നിര നേതാക്കള്‍ മത്സരിക്കുന്നതിനെതിരെ രണ്ടാം നിര നേതാക്കള്‍ നടത്തുന്ന കലാപം.
കോണ്‍ഗ്രസിലെ പടലപ്പിണക്കം അവസാനിപ്പിക്കാന്‍ ഹൈക്കമാണ്ട് നിരീക്ഷകന്‍ ഗുലാം നബി ആസാദ് 22 വ്യാഴാഴ്ച തിരുവനന്തപുരത്തെത്തുന്നുണ്ട്. തിരുവനന്തപുരത്തു വെച്ചു പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ അവിടെ വച്ചും മറ്റുള്ളവ കോണ്‍ഗ്രസ് പ്രസിഡണ്ടിന് കൈമാറിയും പരിഹരിക്കാനാണ് ഇപ്പോഴുള്ള ധാരണ. കഴിയുന്നത്ര അനുനയത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണത്രെ ഹൈക്കമാണ്ട് നിലപാട്.












Click it and Unblock the Notifications