പാര്‍ലമെന്റ് ഉച്ചവരെ പിരിഞ്ഞു
ദില്ലി: ആയുധക്കോഴ വിവാദത്തില്‍ അകപ്പട്ടെ കേന്ദ്രസര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മാര്‍ച്ച് 21 ബുധനാഴ്ചയും പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചു.
തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിപക്ഷം സഭയില്‍ ബഹളം കൂട്ടുന്നത്. പ്രതിപക്ഷത്തിന്റെ ബഹളത്തെത്തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഉച്ചവരെ യോഗം പിരിഞ്ഞു.
ലോക്സഭയില്‍ മുമ്പത്തേതില്‍ നിന്നു വ്യത്യസ്തമായി ബുധനാഴ്ച വനിതാ അംഗങ്ങളായിരുന്നു മുദ്രാവാക്യം വിളിക്കുന്നതില്‍ മുന്നില്‍. സഭ തുടങ്ങുന്നതിനു മുമ്പു തന്നെ നടുത്തളത്തിലെത്തിയ അംഗങ്ങള്‍ രാജി ആവശ്യപ്പെട്ട് ബഹളം വെക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, എഐഡിഎംകെ, സിപിഎം, രാഷ്ട്രീയ ജനതാദള്‍ എന്നീ പാര്‍ട്ടികളിലെ വനിതാ അംഗങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
രാജ്യസഭയില്‍ ചെയര്‍മാന്‍ കൃഷന്‍ കാന്ത് ആദ്യചോദ്യം വായിക്കുന്നതിനു മുമ്പുതന്നെ അംഗങ്ങള്‍ ബഹളം വെക്കാന്‍ തുടങ്ങി. സഭ തുടരുകയാണെങ്കില്‍ നടുത്തളത്തിലേക്കിറങ്ങിവരുമെന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ചെയര്‍മാന്‍ ഉച്ചവരെ സഭ നിര്‍ത്തിവച്ചു.












Click it and Unblock the Notifications