നെടുമ്പാശ്ശേരിയില്‍ ലഗേജുകള്‍ക്ക് കഷ്ടകാലം
കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലഗേജുകള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതായി പരാതി.
എയര്‍ ഇന്ത്യയുടെ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെയാണ് ലഗേജുകള്‍ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുന്നതായി പരാതിയുണ്ടായിരിക്കുന്നത്. ചെക്കിംഗിന് ശേഷം ട്രോളിയിലേക്കും മറ്റും ലഗേജുകള്‍ വലിച്ചെറിയുന്നു എന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. അടുക്കിവച്ചിരിക്കുന്ന ലഗേജുകള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനാല്‍ മറിഞ്ഞുവീഴുന്നുവെന്നും പറയപ്പെടുന്നു.
ലഗേജുകള്‍ വലിച്ചെറിയുമ്പോള്‍ ടേപ് റിക്കോഡറുകള്‍, ക്യാമറ, കാസറ്റുകള്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ പൊട്ടിപ്പോകുന്നത് പതിവാണെന്നും യാത്രക്കാര്‍ പറയുന്നു. ലഗേജുകള്‍ നീക്കുന്നതും മറ്റും പരിശോധിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ജീവനക്കാരില്ലാത്തതാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എക്കണോമിക് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 28 കിലോയും മറ്റുള്ളവര്‍ക്ക് 40 കിലോ വരെയും ലഗേജ് കൊണ്ടുപോകാം. അത് കഴിഞ്ഞുവരുന്ന ഓരോ കിലോക്കും 240 രൂപ അധികം നല്‍കണം.