സ്ഥാനാര്‍ഥിത്വം: ലീഗില്‍ അപസ്വരം
കൊച്ചി: എറണാകുളം ജില്ലയില്‍ യുഡിഎഫ് മുസ്ലിം ലീഗിന് നീക്കിവെച്ചിട്ടുള്ള ഏകസീറ്റിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി പാര്‍ട്ടിയില്‍ അപസ്വരമുയര്‍ന്നു. ലീഗ് ജില്ലാ സെക്രട്ടറി വി.കെ.ഇബ്രാഹിംകുഞ്ഞിനെയാണ് ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനെതിരെ ലീഗിലെ പ്രമുഖ നേതാക്കള്‍ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തി.
സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാകുന്നതിന് മുമ്പേ മട്ടാഞ്ചേരിയില്‍ ചിലര്‍ സ്ഥാനാര്‍ഥി ചമഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് തടയണമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റും നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ കെ.എം.ഹംസകുഞ്ഞ് ആവശ്യപ്പെട്ടു.
ഇബ്രാഹിം കുഞ്ഞിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയാണ് കൈകൊണ്ടതെങ്കിലും സംസ്ഥാന കമ്മിറ്റിക്ക് ഇതിനെതിരെ ചില നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ടി.എം.അഹമ്മദ് കബീറിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടതെങ്കിലും കബീറിന് ഗുരുവായൂരില്‍ സീറ്റ് നല്‍കി പ്രശ്നം പരിഹരിക്കാനാണ് നേതൃത്വം ശ്രമിച്ചത്.
ഇബ്രാഹിംകുഞ്ഞിനെ സ്ഥാനാര്‍ഥിയാക്കുന്ന പക്ഷം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും ലീഗിലെ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മട്ടാഞ്ചേരി സ്വദേശികളായ ലീഗ് നേതാക്കളിലാരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നും അല്ലെങ്കില്‍ സീറ്റ് യുഡിഎഫിലെ മറ്റേതെങ്കിലും കക്ഷികളുമായി വച്ചുമാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications