ആയുധക്കോഴ: ജസ്റിസ് കെ. വെങ്കടസ്വാമി അന്വേഷിക്കും
ദില്ലി: കേന്ദ്രസര്‍ക്കാരിനെ പിടിച്ചുലച്ച തെഹല്‍ക്ക ആയുധക്കോഴ ആരോപണം റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ജസ്റിസ് കെ. വെങ്കടസ്വാമി അന്വേഷിക്കും. ഏകാംഗ കമ്മീഷനായിരിക്കും അന്വേഷണം നടത്തുന്നത്.
സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിമാരെ അന്വേഷണത്തിന് അനുവദിച്ചു തരാന്‍ നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റിസ് എ.എസ്. ആനന്ദ് നിസ്സഹായത പ്രകടിപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വിരമിച്ച ജസ്റിസ് വെങ്കിടസ്വാമിയെയാണ് ചീഫ് ജസ്റിസ് കമ്മീഷനായി നിര്‍ദ്ദേശിച്ചത്.
മാര്‍ച്ച് 16 വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഈ നിര്‍ദ്ദേശം അംഗീകരിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 24 ശനിയാഴ്ചയുണ്ടാകുമെന്ന് കേന്ദ്രനിയമ വകുപ്പ് വക്താക്കള്‍ അറിയിച്ചു.
അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട കാര്യം ജസ്റിസ് വെങ്കടസ്വാമി സ്ഥിരീകരിച്ചു. അന്വേഷണ വ്യവസ്ഥകള്‍ ശനിയാഴ്ചയോടു കൂടി തനിക്ക് ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
തെഹല്‍ക്ക.കോം പുറത്തു കൊണ്ടു വന്ന ആയുധക്കോഴ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി നാലു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ജസ്റിസ് വെങ്കടസ്വാമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിന് നാലു മാസം സമയം മതിയെന്ന് ജസ്റിസ് പറഞ്ഞു.
തെഹല്‍ക്ക.കോം പുറത്തു വിട്ട വീഡിയോ ടേപ്പുകളിലെ പണമിടപാടുകളെക്കുറിച്ച് അന്വേഷണം നടത്തി അത് രാജ്യത്തിന്റെ സുരക്ഷക്ക് ബാധകമായിട്ടുണ്ടോ എന്ന് കണ്ടെത്തുക, വിവാദത്തില്‍ ഏതെങ്കിലും പൊതു പ്രവര്‍ത്തകനോ സംഘടനയോ കോഴ വാങ്ങിയിട്ടുണ്ടോ എന്ന് നിര്‍ണയിക്കുക, കമ്മീഷന്റെ കണ്ടെത്തലിന്റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ എടുക്കേണ്ട നടപടികള്‍ വിശദീകരിക്കുക, സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളെയും കുറിച്ച് അന്വേഷിക്കുക എന്നിവയാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിട്ടുള്ള അന്വേഷണ വ്യവസ്ഥകള്‍.












Click it and Unblock the Notifications