എല്‍ഡിഎഫ് സീറ്റ് ധാരണയായി
തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ജനതാദളില്‍ നിന്നും ഒരു സീറ്റ് സിപിഎം വാങ്ങിയതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും തന്നെ ഇക്കുറി എല്‍ഡിഎഫിന്റെ സീറ്റ് വിഭജനത്തിലില്ല. ഐഎന്‍എല്ലിനായും സീറ്റൊന്നും നീക്കിവച്ചിട്ടില്ല.
സിപിഎം 77 സീറ്റുകളില്‍ മത്സരിക്കുമെന്ന് മുന്നണി കണ്‍വീനര്‍ വി. എസ്. അച്യുതാനന്ദന്‍ മാര്‍ച്ച് 24 ശനിയാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചു. കഴിഞ്ഞ തവണ 76 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. കഴിഞ്ഞ തവണ ജനതാദളിന് നല്‍കിയ 13സീറ്റുകളില്‍ ഒരെണ്ണം സിപിഎം വാങ്ങുകയായിരുന്നു. ഏത് നിയോജകമണ്ഡലമാണ് ജനതാദള്‍ നല്‍കേണ്ടതെന്ന് പിന്നീട് തീരുമാനിക്കും.
ആര്‍എസ്പിയുടെയും എന്‍സിപിയുടെയും കൈയില്‍ നിന്നും സീറ്റുകള്‍ പിടിച്ചുവാങ്ങാനുള്ള സിപിഎം തന്ത്രം വിജയിച്ചില്ല. ഇരു കക്ഷികളും ശക്തിയുക്തം എതിര്‍ത്തതിനെ തുടര്‍ന്നാണ് സിപിഎമ്മിന് സീറ്റ് മോഹം ഉപേക്ഷിക്കേണ്ടി വന്നതെന്ന് അറിയുന്നു.
സിപിഐ 24 സീറ്റുകളിലും എന്‍സിപി 11 സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് ജെ 10 സീറ്റുകളിലും ആര്‍എസ്പി ആറ് സീറ്റുകളിലും മത്സരിക്കും. എല്‍ഡിഎഫ് പ്രകടനപത്രികക്ക് അന്തിമരൂപമായിട്ടില്ലാത്തതിനാല്‍ രണ്ട് ദിവസങ്ങള്‍ കൂടി കഴിഞ്ഞേ പുറത്തിറക്കുകയുള്ളു.












Click it and Unblock the Notifications