തെഹല്‍കാ ടേപ്പില്‍ തെളിവില്ല: അരുണ്‍ ഷൂറി
ദില്ലി: ആയുധ കോഴ പുറത്താക്കിയ തെഹല്‍കാ ടേപ്പുകളിലെ പല വിവരങ്ങള്‍ക്കും തെളിവില്ലെന്ന് കേന്ദ്രമന്ത്രിയും മുന്‍ പത്രപ്രവര്‍ത്തകനുമായ അരുണ്‍ ഷൂറി. തെഹല്‍കയുടെ പല ആരോപണങ്ങള്‍ക്കും വസ്തുതാപരമായ തെളിവില്ലെന്നും ടേപ്പില്‍ പരമാര്‍ശിക്കുന്ന പല ആയുധ ഇടപാടുകളും പി വി നരസിംഹറാവു സര്‍ക്കാര്‍ ഒപ്പു വച്ചതാണെന്നും കേന്ദ്ര ഓഹരിവിറ്റഴിക്കല്‍ മന്ത്രിയായ അരുണ്‍ ഷൂറി ചൂണ്ടിക്കാട്ടി.
നേരത്തേ തെഹല്‍കാ ടേപ്പിലെ പല ആരോപണങ്ങള്‍ക്കും ന്യായീകരണമുണ്ടെന്ന് അരുണ്‍ ഷൂറി അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ബങ്കാരു ലക്ഷ്മണിനും ജയാ ജയ്റ്റിലിക്കുമെതിരേ മാത്രമേ ടേപ്പില്‍ വ്യക്തമായ തെളിവുകള്‍ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ടേപ്പിലെ മറ്റ് ആരോപണങ്ങള്‍ തെഹല്‍കാ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ പുറത്തു വിടരുതായിരുന്നുവെന്നും ഷൂറി ചൂണ്ടിക്കാട്ടി. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ ഇത്തരം തെളിവില്ലാത്ത റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുമായിരുന്നില്ലെന്നും ഷൂറി പറഞ്ഞു.ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെയും ഇന്ത്യാ ടുഡേ വാരികയുടെയും എഡിറ്ററായിരുന്ന ഷൂറി അന്വേഷണാത്മക പത്രപ്രവര്‍ത്തകനെന്ന നിലയില്‍ പ്രശസ്തനാണ് . രണ്ടു കൂട്ടികൊടുപ്പുകാര്‍ ചേര്‍ന്ന് കുലീനയായ ഒരു പെണ്‍കുട്ടിയെക്കുറിച്ച് സംസാരിച്ചാല്‍, അവള്‍ വേശ്യയാകുന്നില്ല, തെഹല്‍കാ ടേപ്പിലെ പരാമര്‍ശങ്ങളെക്കുറിച്ച് മന്ത്രിയുടെ വിലയിരുത്തല്‍ ഇതായിരുന്നു.
എന്നാല്‍ പത്രപ്രവര്‍ത്തനത്തില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ തെഹല്‍കാ സ്വീകരിച്ചതു പോലുള്ള തന്ത്രങ്ങളെ താന്‍ അംഗീകരിക്കുന്നതായും ഷൂറി സമ്മതിച്ചു.












Click it and Unblock the Notifications