ബ്രിജേഷ് മിശ്രയ്ക്കും ഉമാഭാരതിക്കും നോട്ടീസ്
ദില്ലി: കേന്ദ്ര ഉമാഭാരതി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രിജേഷ് മിശ്ര എന്നിവര്‍ക്ക് ദില്ലി ഹൈക്കോടതി മാര്‍ച്ച് 26 തിങ്കളാഴ്ച നോട്ടീസ് അയച്ചു. വ്യവസായി ജെ.കെ. ജയിന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് കോടതി ഇവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ(റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) യുടെ ഒരു രഹസ്യ റിപ്പോര്‍ട്ടില്‍ ജെയിനിനെ പാകിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ (ഐഎസ്ഐ) ഏജന്റായി ചിത്രീകരിച്ചിരിക്കുന്നതിനെ ചോദ്യം ചെയ്തു കൊണ്ട് ജെ.കെ. ജയിന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതിയുടെ നടപടി. റിപ്പോര്‍ട്ടില്‍ തനിക്കെതിരായുള്ള പരമാര്‍ശം തികച്ചും തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന അഭിമാനസംരക്ഷണത്തെ ലംഘിക്കുന്നതാണെന്നും ജെയിന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് കോടതിയില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി ഉമാഭാരതിക്കും ബ്രിജേഷ് മിശ്രയ്ക്കും മറ്റും നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരെ കൂടാതെ ക്യാബിനറ്റ് സെക്രട്ടറി ടി.ആര്‍. പ്രസാദ്, ആഭ്യന്തര സെക്രട്ടറി കമല്‍ പാണ്ഡേ, റോ സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മെയ് ഏഴിനു മുമ്പ് മറുപടി സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
മുന്‍ എം പിയും ജെയിന്‍ സ്റ്റുഡിയോസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമാണ് ജെ.കെ. ജെയിന്‍.












Click it and Unblock the Notifications