കളക്ടറെയും മേയറെയും ബന്ദിയാക്കി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കു ശേഷം രോഗി മരിച്ച സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ ജനക്കൂട്ടം ജില്ലാ കളക്ടറെയും മേയറെയും ബന്ദിയാക്കി.
ശസ്ത്രക്രിയ ചെയ്ത ഡോക്ടറാണ് രോഗിയുടെ മരണത്തിന് കാരണക്കാരനെന്നും ഡോക്ടറെ സസ്പെന്റ് ചെയ്താല്‍ മാത്രമേ കളക്ടറെയും മേയറെയും വിട്ടയക്കുകയുള്ളൂവെന്നുമുള്ള നിലപാടിലാണ് നാട്ടുകാര്‍.
മാര്‍ച്ച് 15 ഞായറാഴ്ചയാണ് പോങ്ങുംമൂട് ചേന്തി പാലക്കാട് വീട്ടില്‍ ഷാജി (28) ശസ്ത്രക്രിയക്കു ശേഷം മരിച്ചത്. അനസ്തേഷ്യ നല്‍കിയതിലുണ്ടായ പിഴവാണ് ഷാജിയുടെ മരണത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഷാജിയുടെ മരണത്തിനു കാരണക്കാരനായ ഡോക്ടറെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വന്‍ജനക്കൂട്ടം തിങ്കളാഴ്ച ആശുപത്രിയിലെത്തുകയായിരുന്നു. ഡോക്ടറെ സസ്പെന്റ് ചെയ്താല്‍ മാത്രമേ ഷാജിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയുള്ളൂവെന്ന് നാട്ടുകാര്‍ വാശിപിടിച്ചു.
തുടര്‍ന്ന് ജില്ലാ കളക്ടറും മേയറും ആശുപത്രിയിലെത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് നാട്ടുകാരെ അറിയിച്ചെങ്കിലും ഡോക്ടറെ സസ്പെന്റ് ചെയ്യണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു.
മോര്‍ച്ചറിയ്ക്കടുത്തുള്ള ചെറിയ മുറിയില്‍ കളക്ടറും മേയറും ഇരിക്കവെയാണ് നാട്ടുകാര്‍ ഇരുവരെയും ബന്ദികളാക്കിയത്. മേയറെ പോകാന്‍ ആദ്യം അനുവദിച്ചെങ്കിലും കളക്ടറെ വിടാതെ താന്‍ പോകില്ലെന്ന് അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് മേയറെയും ബന്ദിയാക്കി.കളക്ടറും മേയറും ഇരിക്കുന്ന മുറിയ്ക്കകത്തും പുറത്തും മുദ്രാവാക്യങ്ങള്‍ അരങ്ങേറുകയാണ്.
വി.എസ്.ശിവകുമാര്‍ എംപി സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി വരികയാണ്. വന്‍പോലീസ്സംഘവുമെത്തിയിട്ടുണ്ട്.












Click it and Unblock the Notifications