ഐഎന്‍എല്ലുമായി പരോക്ഷമായി ധാരണ: നായനാര്‍
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഐഎന്‍എല്ലുമായി എല്‍ഡിഎഫ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍. എന്നാല്‍ ഇത് പ്രത്യക്ഷത്തിലുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ധാരണ പ്രകാരം ഐഎന്‍എല്‍ മത്സരിക്കുന്ന മൂന്നു സീറ്റുകളില്‍ അവരുടെ സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പിന്തുണയ്ക്കും. ഈ ധാരണയുടെ പൂര്‍ണ ഉത്തരവാദിത്തം എന്‍സിപിക്കാണ്. എന്‍സിപിയുമായി ചര്‍ച്ച ചെയ്തായിരിക്കും ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക - മാര്‍ച്ച് 28 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.
കോണ്‍ഗ്രസിനെയും ബിജെപിയും തോല്പിക്കുകയാണ് തങ്ങളുടെ പ്രഥമലക്ഷ്യം. ഈ പാര്‍ട്ടികളെ ശക്തിയുക്തം എതിര്‍ക്കുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. ഇക്കാരണത്താലാണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐഎന്‍എല്ലുമായി ധാരണയുണ്ടാക്കിയത്.
ഐഎന്‍എല്‍ വര്‍ഗീയ കക്ഷിയാണോ അല്ലയോ എന്ന കാര്യത്തില്‍ എല്‍ഡിഎഫ് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. അവര്‍ ഇപ്പോള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും പങ്കാളികളായ യുഡിഎഫില്‍ ഘടകകക്ഷിയല്ല എന്നതാണ് പ്രധാനം - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications