തോമസ് മാത്യുവിന്റെ ഭൂതകാലം ചികയുന്നു
ദില്ലി: തെഹല്‍കാ വിവാദത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട മലയാളി ഉദ്യോഗസ്ഥന്‍ തോമസ് മാത്യുവിന്റെ ഭൂതകാലം ചികയുന്ന തിരക്കിലാണ് സര്‍ക്കാര്‍.
തോമസിന്റെ സസ്പെന്‍ഷന് മതിയായ കാരണം ഏതുവിധേനെയും കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. തോമസ് മാത്യു തീവ്രവാദ സ്വഭാവമുള്ള സിമി എന്ന ഇസ്ലാമിക സംഘടനയുമായും മദനിയുമായി ബന്ധമുള്ള എന്‍ഡിഎഫുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്ന് ഇതിനകം ആരോപണമുയര്‍ന്നുകഴിഞ്ഞു.
അതേസമയം സിപിഎം അനുഭാവമുള്ള ദില്ലിയിലെ ജനസംസ്കൃതി എന്ന സംഘടനയുമായും തോമസിന് ബന്ധമുണ്ടെന്ന പരസ്പര വിരുദ്ധമായ ആരോപണമാണ് ആഭ്യന്തരമന്ത്രാലയം ഉന്നയിക്കുന്നത്. സിമിയും മദനിയുമായും ബന്ധമുള്ള ഒരാള്‍ എങ്ങനെ സിപിഎമ്മുമായി ബന്ധപ്പെടുമെന്ന ചോദ്യത്തിന് മുമ്പില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരം മുട്ടുന്നു.
ഇതിനെല്ലാം വ്യക്തമായ മറുപടി കാരണം കാണിക്കല്‍ നോട്ടീസില്‍ തോമസ് നല്‍കിയിട്ടുണ്ട്. 1998ല്‍ മദനി ജയിലില്‍ ആയതിന് ശേഷമാണ് എന്‍ഡിഎഫ് രൂപീകരിക്കപ്പെടുന്നത്. അങ്ങനെയിരിക്കെ 1995ല്‍ താന്‍ എന്‍ഡിഎഫിന്റെ സമ്മേളനം എങ്ങനെ ഉദ്ഘാടനം ചെയ്യുമെന്നാണ് തോമസ് കാരണം കാണിക്കല്‍ നോട്ടീസില്‍ ചോദിക്കുന്നത്.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും അതിന് മുമ്പ് തന്നെ സസ്പെന്‍ഡ് ചെയ്തതായി തോമസ് ആരോപിക്കുന്നു. തോമസ് വിദ്യാര്‍ത്ഥിയായിരുന്നു കാലത്ത് സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായും ആഭ്യന്തരമന്ത്രാലയത്തിന് വിവരം കിട്ടിയിട്ടുണ്ട്. ഇക്കാരണം കൊണ്ട് മാത്രം തോമസിനെ സസ്പെന്‍ഡ് ചെയ്യാനാവില്ലെന്ന് അധികൃതര്‍ക്ക് വ്യക്തമായി അറിയാം.
പ്രധാനമന്ത്രി വാജ്പേയി രാഷ്ട്രീയ ജീവിതം തുടങ്ങിയത് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിലൂടെ ആയിരുന്നില്ലേ എന്നാണ് ഇത് കേട്ടപ്പോള്‍ ഒരു പ്രമുഖ കമ്മ്യൂണിസ്റ് നേതാവ് പരിഹാസത്തോടെ ചോദിച്ചത്.












Click it and Unblock the Notifications