അഞ്ച് യുഡിഎഫ് കക്ഷികള്‍ ഒരേ ചിഹ്നത്തില്‍
തിരുവനന്തപുരം: യുഡിഎഫിലെ അഞ്ച് ഘടകകക്ഷികള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരേ ചിഹ്നത്തില്‍ മത്സരിക്കും.
സിഎംപി, ജെഎസ്എസ്, ആര്‍എസ്പി (ബി), കേരളാ കോണ്‍ഗ്രസ് (ബി),കേരളാ കോണ്‍ഗ്രസ് (ജേക്കബ് ) എന്നീ കക്ഷികളാണ് ഒരേ ചിഹ്നത്തില്‍ മത്സരിക്കുകയെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള മാര്‍ച്ച് 29 വ്യാഴാഴ്ച അറിയിച്ചു.
എന്നാല്‍ ഇതിനെ കുറുമുന്നണിയായി വ്യാഖ്യാനിക്കരുതെന്ന് ബാലകൃഷ്ണപിള്ള അഭ്യര്‍ത്ഥിച്ചു. ചിഹ്നങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാണ് ഒരേ ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പിള്ള വിശദീകരിച്ചു. ജേക്കബ് ഉള്‍പ്പടെ യുഡിഎഫിലെ എല്ലാ നേതാക്കളും കക്ഷികളും തൃപ്തരാണെന്ന് പിള്ള വ്യക്തമാക്കി. സീറ്റ് വിഭജനത്തില്‍ ജേക്കബിന് പ്രയാസമുണ്ടെന്നല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് പിള്ള പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ബിയുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞുവെങ്കിലും അവര്‍ ആരൊക്കെയാണെന്ന് താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് പിള്ള പറഞ്ഞു. ഒരാള്‍ എന്തായാലും ഞാനായിരിക്കും-പിള്ള പറഞ്ഞു.
എനിക്ക് 25 വയസ് തികഞ്ഞതിനാല്‍ മത്സരിക്കുന്നതിന് ഒരു തടസവുമില്ല . ഗ്രാഫൈറ്റ് കേസ് മത്സരിക്കുന്നതിന് തടസമാകില്ലേ എന്ന ചോദ്യത്തിന് ഉത്തരമായി തമാശയോടെ പിള്ള പറഞ്ഞു. തനിക്കെതിരെ കേസുണ്ടെന്ന കാരണത്താല്‍ മാത്രം കൊട്ടാരക്കരക്കാര്‍ തനിക്ക് ഇത്തവണ കൂടുതല്‍ ഭൂരിപക്ഷം നല്‍കുമെന്നും പിള്ള അവകാശപ്പെട്ടു.












Click it and Unblock the Notifications