കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ രാജ്യവ്യാപക റെയ്ഡ്
ദില്ലി: രാജ്യത്തെ 48 ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും സി ബി ഐ രാജ്യവ്യാപകമായ റെയ്ഡ് നടത്തി വരുന്നു. ദില്ലി, മുംബൈ, കൊല്‍ക്കത്ത, കേരള, ഹരിയാന എന്നിവിടങ്ങളിലായാണ് മാര്‍ച്ച് 31 ശനിയാഴ്ച റെയ്ഡ് നടക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് .
ശനിയാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരേ സി ബി ഐ മാര്‍ച്ച് 30 വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കള്ളക്കടത്തുകരായ രണ്ട് അഫ്ഘാന്‍ പൗരന്മാരുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള സ്ത്രീകളെ വാഹകരാക്കി ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി ഈ അഫ്ഘാന്‍ പൗരന്മാര്‍ ഇന്ത്യയിലേയ്ക്ക് നിരവധി സാധനങ്ങള്‍ കടത്തുന്നുവെന്നായിരുന്നു സി ബി ഐക്ക് കിട്ടിയ വിവരം.
കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്നാല്‍ ശനിയാഴ്ച നടത്തിയ റെയ്ഡുകളില്‍ വിദേശകറന്‍സികള്‍ ഉള്‍പ്പെടെ പണവും, സെല്‍ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ സാധനങ്ങളും നിരവധി രേഖകളും പിടിച്ചെടുത്തതായി സി ബി ഐ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഈ സാധനങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്. പിടിച്ചെടുത്ത രേഖകളുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സി ബ ി ഐ വക്താവ് വിസമ്മതിച്ചു. റെയ്ഡുകള്‍ തുടര്‍ന്നും നടന്നു കൊണ്ടിരിക്കുകയാണെന്ന് വക്താവ് പറഞ്ഞു.
ദില്ലിയില്‍ 35, മുംബൈയില്‍ ആറ്, ഹരിയാനയില്‍ മൂന്ന, കൊല്‍ക്കത്തയില്‍ ഒന്ന്, കേരളത്തില്‍ ഒന്ന് എന്നിങ്ങനെ അമ്പതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ്. 400 ല്‍ അധികം സി ബി ഐ ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്.
ഉന്നത റാങ്കില്‍പ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍, അഡീഷണല്‍ കമ്മീഷണര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു.
കഴിഞ്ഞ ആഗസ്ത് 28 ന് ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായ ഒള്‍ഗാ കോസിറേവ എന്ന ഉസ്ബക്ക് വനിതയില്‍ നിന്നാണ് വിമാനത്താവളം കേന്ദ്രീകരിച്ചു നടക്കുന്ന വന്‍ കള്ളക്കടത്ത് ശൃംഖലയെപ്പറ്റി വെളിവാകുന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന ലഗേജില്‍ 81000 അടി ചൈനീസ് സില്‍ക്ക് ഉണ്ടായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 68 തവണയാണ് ഒള്‍ഗാ ഇന്ത്യയില്‍ വന്നു പൊയ്ക്കൊണ്ടിരുന്നത്.












Click it and Unblock the Notifications