വടകരയും ഇടുക്കിയും ഹാരീസും ദളിന് തലവേദന
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സീറ്റ് മന്ത്രി സി. കെ. നാണുവിന് നല്‍കിയതും യുവനേതാവ് ഹാരീസിന് ഒരു സീറ്റും നല്‍കാത്തതും ഇടുക്കിയില്‍ സിറ്റിംഗ് എം എല്‍ എ സുലൈമാന്‍ റാവുത്തര്‍ക്ക് സീറ്റ് നിഷേധിച്ചതും ജനതാദളിനെ പിളര്‍പ്പിലേക്ക് നയിക്കാവുന്ന കലാപത്തിന് വഴിതെളിച്ചിരിക്കുന്നു.
ഷേക്ക്. പി. ഹാരീസിന് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് അടുത്ത നടപടി എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ യുവജനതാദള്‍ സംസ്ഥാന കമ്മിറ്റിയുടെ രഹസ്യ യോഗം മാര്‍ച്ച് 31 ശനിയാഴ്ച എറണാകുളത്ത് ചേര്‍ന്നതായി അറിയുന്നു. കായംകുളം അല്ലെങ്കില്‍ കൊടുവള്ളി സീറ്റ് തങ്ങള്‍ക്ക് തരണമെന്ന് യുവജനതാദള്‍ ആവശ്യപ്പെട്ടിട്ടും നേതൃത്വം സീറ്റ് നല്‍കാത്തതില്‍ യുവജനതാദളിന് കടുത്ത അമര്‍ഷമുണ്ട്.
യോഗത്തില്‍ കടുത്ത തീരുമാനമുണ്ടാകുമെന്ന് സൂചനയുള്ളതിനാല്‍ യുവജനതാദളിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
വടകരയില്‍ മന്ത്രി നാണുവിന് സീറ്റ് നല്‍കിയതിനോട് പാര്‍ട്ടി മണ്ഡലം കമ്മിറ്റി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. മാര്‍ച്ച് 30 വെള്ളിയാഴ്ച ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് യോഗം ജനതാദള്‍ വടകര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആയാടത്തില്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു.
അഡ്വ. എം. കെ. പ്രേംനാഥിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനമെന്നറിയുന്നു. നിയോജക മണ്ഡലം കമ്മിറ്റിയില്‍ മൂന്ന് പേരൊഴികെ ബാക്കി എല്ലാവരും പ്രേംനാഥിനെ പിന്തുണയ്ക്കുന്നുണ്ട്.
സിറ്റിംഗ് എം എല്‍ എ പി.പി. സുലൈമാന്‍ റാവുത്തര്‍ക്ക് പകരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവി രാജി വച്ച് രാഷ്ട്രീയത്തിലെത്തിയിരിക്കുന്നഎം എസ് ജോസഫിനാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ഇത് റാവുത്തര്‍ക്കും ജനതാദള്‍ ഇടുക്കി ജില്ലാ കമ്മിറ്റിയ്ക്കും സ്വീകാര്യമായിട്ടില്ല. റാവുത്തറെ റിബല്‍ സ്ഥാനാര്‍ത്ഥിയായി ഇടുക്കിയില്‍ മത്സരിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 31 ശനിയാഴ്ച അടുത്ത നടപടി എന്താണെന്ന് തീരുമാനിക്കാന്‍ റാവുത്തര്‍ പക്ഷം യോഗം ചേര്‍ന്നിട്ടുണ്ട്.റാവുത്തര്‍ മത്സരിക്കണമെന്ന് തന്നെയാണ് ഇടുക്കി ജില്ലയിലെ ഭൂരിപക്ഷം ജനതാദള്‍ പ്രവര്‍ത്തകരുടെയും ആഗ്രഹം എന്നറിയുന്നു.












Click it and Unblock the Notifications