ഇന്ത്യാ-- ഇസ്രയേല്‍ ബന്ധം വളരുന്നതില്‍ ആശങ്ക
തിരുവനന്തപുരം: ഇസ്രയേലുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കേരളത്തിലെത്തിയ പാലസ്തീനിയന്‍ ഉന്നതതല സംഘം.
ഇസ്രയേലിനെ അനുകൂലിക്കുന്ന ഏതൊരു രാജ്യത്തെയും പാലസ്തീന് അനുഭാവത്തോടെ നോക്കിക്കാണാനാവില്ലെന്ന് ഏപ്രില്‍ ഒന്ന് ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ സംഘം വ്യക്തമാക്കി. പാലസ്തീന്‍ പ്രശ്നത്തെ കുറിച്ച് ലോകജനതയെ ബോധവല്‍ക്കരിക്കാനായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തെ നയിക്കുന്നത് പാലസ്തീന്‍ ദേശീയ കൗണ്‍സില്‍ അംഗം ഫത്തി അബു അല്‍ അര്‍ദപ്പാണ്.
എന്നാല്‍ രാജ്യത്തെ ഒരു മന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതും ആ രാജ്യവുമായി നയതന്ത്ര ബന്ധം ശക്തമാക്കുന്നതും ഇന്ത്യയുടെ ആഭ്യന്തരപ്രശ്നമാണെന്നും അതില്‍ തങ്ങള്‍ ഇടപെടില്ലെന്നും സംഘം വ്യക്തമാക്കി. ഭാരതീയ ജനതയും രാഷ്ട്രീയ കക്ഷികളും പാലസ്തീനെ അനുകൂലിക്കുന്നുണ്ടെന്നും സംഘം പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതിന് സമമായ പോരാട്ടമാണ് തങ്ങള്‍ നടത്തുന്നതെന്നും സംഘം വിശദീകരിച്ചു.
കഴിഞ്ഞ കാലത്തെ കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദിയാണ് പുതിയ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണെന്ന് ഫത്തി അബു ആരോപിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഈയിടെ വഷളായത് ഏരിയല്‍ ഷാരോണ്‍ അധികാരമേറ്റതിനെ തുടര്‍ന്നാണെന്ന് ഫത്തി ചൂണ്ടിക്കാട്ടി.
അമേരിക്ക ഇക്കാര്യത്തില്‍ ഇസ്രയേലിനെ അകമഴിഞ്ഞ് സഹായിക്കുകയാണെന്ന് ഫത്തി കുറ്റപ്പെടുത്തി. അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്നും പാലസ്തീന്‍ അവകാശപ്പെടുന്ന പ്രദേശമായ യെരുശലേമിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ തീരുമാനം ഇതാണ് വെളിവാക്കുന്നതെന്ന് ഫത്തി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications