പത്മജയ്ക്ക് സീറ്റില്ല ; കരുണാകരന്‍ പോരിന്
ദില്ലി: മകള്‍ പത്മജയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കെ. കരുണാകരന്‍ കോണ്‍ഗ്രസില്‍ കലാപത്തിനൊരുങ്ങുന്നു. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് കരുണാകരന്‍ ഏപ്രില്‍ നാല് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സോണിയാഗാന്ധിയെയും ആന്റണിയെയും കരുണാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വിവിധ ഗ്രൂപ്പുകള്‍ക്ക് സീറ്റുവിഭജിച്ചുനല്കിയതിലും കരുണാകരന്‍ സംതൃപ്തനല്ല. ആകെയുള്ള 81 സീറ്റുകളില്‍ എ ഗ്രൂപ്പിന് 36 സീറ്റുകള്‍ ലഭിച്ചു. ഐ ഗ്രൂപ്പിന് വെറും 32 സീറ്റുകളേ ഉള്ളൂ. ജി.കാര്‍ത്തികേയനും മറ്റും നേതൃത്വം നല്കുന്ന മൂന്നാം ഗ്രൂപ്പിന് ഒമ്പത് സീറ്റുകള്‍ ലഭിച്ചപ്പോള്‍ വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പിന് നാല് സീറ്റുകള്‍ നീക്കിവച്ചിരിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിലെ വലിയ ഗ്രൂപ്പ് ആരെന്ന ചോദ്യത്തിന് ഇപ്പോള്‍ എ ഗ്രൂപ്പ് എന്ന് മറുപടി പറയേണ്ട സ്ഥിതിവിശേഷമാണ്.
അവശേഷിക്കുന്ന ഏഴു തര്‍ക്കസീറ്റുകളില്‍ ഇപ്പോഴും അന്തിമമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇതില്‍ ചാലക്കുടിയുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെങ്കിലും അവസാനപരിഗണനയില്‍ നിന്ന് പത്മജയെ ഒഴിവാക്കിക്കഴിഞ്ഞതായി അറിയുന്നു. പകരം സാവിത്രി ലക്ഷമണനെയാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്. പത്മജയ്ക്ക് വേണ്ടി സാവിത്രി ലക്ഷമണന്‍ മാറിക്കൊടുക്കാന്‍ തയ്യാറായിരുന്നെങ്കിലും കേന്ദ്രനേതൃത്വം അത് സമ്മതിച്ചില്ലെന്നതും കരുണാകരനെ ചൊടിപ്പിക്കാന്‍ കാരണമായി. ആറന്‍മുളയിലും പാറശാലയിലും ഏതാണ്ട് തീരുമാനമായിട്ടുണ്ട്. ആറന്‍മുളയില്‍ മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാറാണ് സ്ഥാനാര്‍ത്ഥി. പാറശാലയില്‍ എ. ചാള്‍സ് മത്സരിക്കും.
മലമ്പുഴയില്‍ ഇനിയും അച്യുതാനന്ദനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏതു വിധേനെയും അച്യുതാനന്ദനെ തോല്പിക്കാന്‍ കഴിയുന്ന ഒരാളെ കണ്ടെത്താനാണ് യുഡിഎഫ് ശ്രമം. സുല്‍ത്താന്‍ ബത്തേരി, കായംകുളം, കോട്ടയം എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥികളെച്ചൊല്ലി തര്‍ക്കം തുടരുകയാണ്.












Click it and Unblock the Notifications