കണ്ണൂര്‍ പദ്ധതി ഉപേക്ഷിക്കുന്നു
തിരുവനന്തപുരം: വിവാദം സൃഷ്ടിച്ച കണ്ണൂര്‍ താപവൈദ്യുത നിലയ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. ഈ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിയുടെ വില കൂടുതലായതിന്റെ പേരിലാണ് സുപ്രധാനമായ ഈ തീരുമാനം.
എന്നാല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം സംബന്ധിച്ച് തങ്ങള്‍ക്ക് അറിവൊന്നുമില്ലെന്ന് തിരുവനന്തപുരത്ത് കെപിപിഎല്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെന്ന് അറിയുന്നു.
കണ്ണൂര്‍ പദ്ധതിയുടെ വിദേശ പങ്കാളിയെ നിശ്ചയിക്കാന്‍ ഇതു സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഏപ്രില്‍ രണ്ട് വരെ സംസ്ഥാന സര്‍ക്കാരിന് സമയം നല്‍കിയിരുന്നു. ഈ കാലാവധി അവസാനിക്കുന്നതിനു മുമ്പായിരുന്നു തീരുമാനം.
ഇതോടെ കണ്ണൂര്‍ പദ്ധതിയുടെ പേരില്‍ മാര്‍ക്സിസ്റു പാര്‍ട്ടിയിലെ ഒരു വിഭാഗവും കെപിപി നമ്പ്യാരും തമ്മിലുള്ള പോരാട്ടത്തിന്റെ ഒരു ഘട്ടം അവസാനിച്ചിരിക്കുകയാണ്. കണ്ണൂര്‍ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിക്കാണ് വില കുറവെന്ന് ഇപ്പോഴും അവകാശപ്പെടുന്ന നമ്പ്യാര്‍ സര്‍ക്കാര്‍ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യുമെന്നുറപ്പാണ്.
പദ്ധതിയുടെ വിദേശപങ്കാളിയായി ബഹുരാഷ്ട്ര കമ്പനിയായ എന്‍റോണിനെ അനുവദിക്കുകയില്ലെന്ന് ഇടതുമുന്നണി തീരുമാനിച്ചതോടെയാണ് പോരാട്ടത്തിന് തുടക്കമായത്. പദ്ധതിക്ക് അനുമതി ലഭിക്കാന്‍ വി. എസ്. അച്യുതാനന്ദന്റെ മകന്‍ തന്നോട് 75 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് നമ്പ്യാര്‍ ആരോപണമുന്നയിച്ചതോടെ ഒരു വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു.
പദ്ധതി സംബന്ധിച്ച് വിവാദമുയര്‍ന്നപ്പോള്‍ കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങുന്നതിലാണ് സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമെന്ന് വൈദ്യുതി മന്ത്രി എസ്. ശര്‍മ വ്യക്തമാക്കിയിരുന്നു. അതു കൊണ്ടായിരുന്നത്രെ കണ്ണൂര്‍ പദ്ധതിയെ ഒഴിവാക്കി തമിഴ്നാട്ടിലെ എന്നൂരില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഒറീസയിലെ താല്‍ച്ചര്‍ നിലയത്തില്‍ നിന്നും വൈദ്യുതി വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications