മദ്യശാല: ഒത്തുകളി നടന്നെന്ന് നിയമസഭാ സമിതി
തിരുവനന്തപുരം: മൂവാറ്റുപുഴയില്‍ കെടിഡിസി ബിയര്‍പാര്‍ലര്‍ തുടങ്ങാതിരിക്കാന്‍ സ്വകാര്യ ബാറുടമകളും എക്സൈസ് വകുപ്പും ഒത്തുകളിച്ചതായി നിയമസഭാസമിതി.
കെടിഡിസി ബിയര്‍പാര്‍ലര്‍ ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുമുള്ള ദൂരപരിധി പാലിച്ചില്ലെന്ന് തെറ്റായി റിപ്പോര്‍ട്ടു നല്‍കിയ എറണാകുളം അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സമിതി ചെയര്‍മാന്‍ പി.സി. ജോര്‍ജ് എംഎല്‍എ ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
അടുത്തുള്ളവിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്ന് 207 മീറ്റര്‍ അകലെയാണെന്നും ദൂരപരിധി പ്രശ്നമല്ലെന്നും പറഞ്ഞ് കെടിഡിസി ബിയര്‍പാര്‍ലറിന് എക്സൈസ് അധികൃതര്‍ ആദ്യം സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. പിന്നീട് നിശ്ചിത ദൂരമില്ലെന്നും പറഞ്ഞ് അപേക്ഷ തള്ളിക്കളഞ്ഞത് ദുരൂഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് തങ്ങള്‍ക്ക് അന്വേഷണത്തില്‍ തെളിഞ്ഞു. ആരാധനാലയത്തിന്റെയോ വിദ്യാഭ്യാസസ്ഥാപനത്തിന്റെയാെേ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തില്‍ 220 മീറ്റര്‍ ദൂരെയാണ് ബിയര്‍പാര്‍ലര്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം നില്‍ക്കുന്നതെന്ന് തങ്ങള്‍ക്ക് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ബാറുകള്‍ക്ക് ദൂരപരിധി പാലിച്ചാണോ അനുമതി നല്‍കിയതെന്ന് വിശദമായ പരിശോധിക്കണമെന്നും സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. മദ്യവില്പന കേന്ദ്രങ്ങള്‍ അനുവദിക്കുമ്പോള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധി നിശ്ചയിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.












Click it and Unblock the Notifications