റോഷി അഗസ്റിന്റെ കോലം കത്തിച്ചു
ഇടുക്കി: നിയമസഭാ മണ്ഡലത്തിലെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി റോഷി അഗസ്റിന്റെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കെ. എം. മാണി ഉടന്‍ ഇടുക്കിയിലെത്തും.
ഏപ്രില്‍ നാല് ബുധനാഴ്ചയാണ് റോഷി അഗസ്റിന്റെ കോലം കത്തിച്ചത്. ഇടുക്കിയില്‍ ജോയി വെട്ടിക്കുഴിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് അവിടെയുള്ള മാണി ഗ്രൂപ്പ് പ്രവര്‍ത്തകരുടെ ആവശ്യം. സ്വദേശിയായ റോഷിയെ ഇടുക്കിയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്.
റോഷിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പ്രചരണത്തിന് തങ്ങളുണ്ടാവില്ലെന്ന് യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് സജി പറപ്പാടി പറഞ്ഞു. റോഷിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സജി വ്യക്തമാക്കി.
അതേസമയം സംസ്ഥാന തലത്തില്‍ തന്നെ മാണി ഗ്രൂപ്പ് പിളര്‍ന്നേക്കുമെന്ന് സൂചനകളുണ്ട്. സ്കറിയാ തോമസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മാണി ഗ്രൂപ്പ് നേതാക്കള്‍ ബിജെപിയുമായി രഹസ്യ ചര്‍ച്ച നടത്തിക്കഴിഞ്ഞു. സീറ്റില്‍ ബിജെപിക്ക് പിന്തുണ നല്‍കില്ലെന്ന മാണിയുടെ നിലപാടില്‍ ബിജെപിക്ക് അമര്‍ഷമുണ്ട്.
മാണി ഗ്രൂപ്പിലെ പ്രബലമായ ഒരു വിഭാഗം തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് പി.സി. ജോര്‍ജ് വെളിപ്പെടുത്തി.












Click it and Unblock the Notifications