കോണ്‍ഗ്രസ് ലിസ്റ്: കത്തോലിക്കര്‍ക്ക് അമര്‍ഷം
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റില്‍ കത്തോലിക്കര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാത്തതില്‍ കത്തോലിക്ക സഭയ്ക്ക് മുറുമുറുപ്പ്.
കൊല്ലത്തെയും പുനലൂരിലെയും ബിഷപ്പുമാര്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് തങ്ങളുടെ അമര്‍ഷം നേരിട്ടറിയിച്ചു കഴിഞ്ഞു. ഇക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കളോട് സംസാരിക്കാന്‍ തൃശ്ശൂര്‍ ബിഷപ്പ് വികാരി ജനറല്‍ ജോസഫ് കാക്കശ്ശേരിയെ നിയോഗിച്ചിട്ടുണ്ട്.
ജില്ലയില്‍ അഞ്ചിടത്ത് തങ്ങള്‍ നിര്‍ദേശിക്കുന്നവരെ സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് തൃശൂര്‍ അതിരൂപത ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ മണ്ഡലത്തില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കൊല്ലം ബിഷപ്പിന്റെ ദൂതന്‍ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും കടവൂര്‍ ശിവദാസനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു.
മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റിയ ലത്തീന്‍ കത്തോലിക്ക സമുദായംഗത്തിന്റെ ബയോ ഡാറ്റ സഹിതം പുനലൂര്‍ ബിഷപ്പ് ഗുലാം നബി ആസാദിനും വയലാര്‍ രവിക്കും കത്തയച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ഇത് വകവയ്ക്കാത്തത് കത്തോലിക്ക സഭയെ ചൊടിപ്പിച്ചിട്ടുണ്ട്. കൊല്ലം ജില്ലയില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട ഒരു സ്ഥാനാര്‍ത്ഥിയെ പോലും കോണ്‍ഗ്രസ് ഇക്കുറി നിര്‍ത്തിയിട്ടില്ല.
കത്തോലിക്ക സഭയുടെ അമര്‍ഷം കോണ്‍ഗ്രസുകാരെ അറിയിക്കാന്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സിറില്‍ മാര്‍ ബസേലിയസ് ഉടന്‍ തന്നെ ഒരു പരസ്യ പ്രസ്താവന ഇറക്കുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അത് കോണ്‍ഗ്രസിനെ കാര്യമായി ബാധിക്കുമെന്നതില്‍ സംശയമില്ല.












Click it and Unblock the Notifications