ബുഷ് ഇന്ത്യ സന്ദര്‍ശിക്കും
വാഷിംഗ്ടണ്‍ : യു എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ഇന്ത്യ സന്ദര്‍ശിക്കും. ഏപ്രില്‍ ഏഴ് ശനിയാഴ്ച യു എസില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹ് അറിയിച്ചതാണിത്. ബുഷിന്റെ സന്ദര്‍ശന പരിപാടി തീരുമാനിച്ചിട്ടില്ല. ഇന്ത്യ സന്ദര്‍ശിക്കാന്‍ ബുഷിനെ ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ കത്ത് താന്‍ ബുഷിന് കൈമാറിയാതായും ക്ഷണം ബുഷ് സ്വീകരിച്ചതായും സിംഹ് വ്യക്തമാക്കി.
ബുഷിനെ കൂടാതെ യു എസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍, പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് എന്നിവരേയും ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ജസ്വന്ത് സിംഹ് പറഞ്ഞു. ഇവരും ക്ഷണം സ്വീകരിച്ചിട്ടുണ്ട്.
യു എസ് പ്രസിഡന്റും മറ്റ് ഉയര്‍ന്ന ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ച ഉദ്ദേശിച്ചതിലും സംതൃപ്തമാണെന്ന് ജസ്വന്ത് സിംഹ് പറഞ്ഞു. ഇന്തോ- യു എസ് ബന്ധം വളര്‍ത്തുന്നതില്‍ ബുഷ് ഭരണകൂടം പ്രത്യേക താത്പര്യം പുലര്‍ത്തുന്നതായി ചര്‍ച്ചകളില്‍ നിന്ന് മനസിലാക്കിയതായും സിംഹ് വ്യക്തമാക്കി.
അതേ സമയം ഇന്ത്യയുമായി സൈനിക തലത്തില്‍ സഹകരണമാവാമെന്ന് യു എസ് വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യ -പ്രതിരോധകാര്യമന്ത്രി ജസ്വന്ത് സിംഹ് യു എസ് പ്രസിഡന്റും മറ്റ് ഉയര്‍ന്ന ഭരണാധികാരികളുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതാണിത് . യു എസ് മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ സ്വീകരിച്ച ശേഷം വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.












Click it and Unblock the Notifications