എസ്ഡിപി യുഡിഎഫിനെ പിന്തുണക്കും
കൊച്ചി: കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗത്തെ പ്രതിനിധീകരിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്ഡിപി) നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചു.
പക്ഷെ പിന്തുണ വ്യക്തമായ ചില ധാരണകളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലായിരിക്കുമെന്ന് എസ്ഡിപി ചെയര്‍മാന്‍ കെ.വി. കുമാരന്‍ ഏപ്രില്‍ ഏഴ് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്ഡിപിയുടെ ഏഴ് ആവശ്യങ്ങള്‍ യുഡിഎഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നതാണ് ഇതില്‍ ഒന്ന്.
കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തിനു ലഭിക്കുന്ന ഗ്രാന്റുകള്‍ അവരുടെ ഉന്നമനത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന ഉറപ്പും യുഡിഎഫില്‍ നിന്നു ലഭിക്കണം. ഭരണഘടനാശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമ പുതിയ നിയമസഭാ കോംപ്ലക്സിന്റെ മുന്നില്‍ സ്ഥാപിക്കുക, പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംസ്ഥാന തലത്തില്‍ പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുക, പ്രത്യേക റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കുക, സംസ്ഥാന ആസൂത്രണബോര്‍ഡ്, മനുഷ്യാവകാശ കമ്മീഷന്‍, ഓംബുഡ്സ്മാന്‍, ദേവസ്വം ബോര്‍ഡ് തുടങ്ങിയവയില്‍ പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും എസ്ഡിപി ഉന്നയിക്കുമെന്ന കുമാരന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ യുഡിഎഫ് ഒരു ഉറപ്പ് നല്‍കുന്നില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എസ്ഡിപി ഇരുമുന്നണികള്‍ക്കും എതിരെ വോട്ടുചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications