കരുണാകരനെ തണുപ്പിക്കാന്‍ കേന്ദ്രദൂതനില്ല
ദില്ലി: പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ അനുനയിപ്പിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ദൂതനെ അയക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. എഐസിസി വക്താവ് ആനന്ദ് ശര്‍മ്മ ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
എന്നാല്‍ കരുണാകരന്റെ രാജി സ്വീകരിക്കില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിനെ തന്നെ ചര്‍ച്ചകള്‍ക്കായി നിയോഗിക്കാനാണ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കരുണാകരനെ അനുനയിപ്പിക്കാന്‍ അംബികാ സോണി കേരളത്തിലേക്കെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഗുലാം നബി ആസാദും എ.കെ. ആന്റണിയും ചേര്‍ന്ന് പ്രശ്നത്തിന് സംസ്ഥാന തലത്തില്‍ ഒരു പരിഹാരം കണ്ടെത്തണമെന്നാണ് കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഘടകകക്ഷകളുടെ സഹായം തേടുമെന്നും കരുതുന്നു.












Click it and Unblock the Notifications