പത്മജയെ മറന്നത് 89 ഓര്‍ത്ത് : ആന്റണി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കെ കരുണാകരന്റെ പത്മജയുടെ പേര് താന്‍ നിര്‍ദ്ദേശിക്കാഞ്ഞത് 1989 ഓര്‍ത്തിട്ടാണെന്ന് എ കെ ആന്റണി. 1989 ലോക്സഭാതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനിടയില്‍ താന്‍ കെ. മുരളീധരന്റെ പേര് നിര്‍ദ്ദേശിച്ചതിനെ പരാമര്‍ശിക്കുകയായിരുന്നു ആന്റണി.
സീറ്റ് വിഭജനത്തില്‍ കെ. കരുണാകരന്‍ അതൃപ്തി പ്രകടിപ്പിച്ച് ഐ ഗ്രൂപ്പ് കടുത്ത നടപടികളിലേയ്ക്കു നീങ്ങുമ്പോഴും കഴിഞ്ഞ മൂന്നു ദിവസമായി ഇക്കാര്യത്തില്‍ ഒരഭിപ്രായവും പറയാതിരുന്ന ആന്റണി ഏപ്രില്‍ 10 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് തന്റെ മൗനവ്രതമവസാനിപ്പിച്ചത്.
1989 ല്‍ കെ മുരളീധരന്റെ പേര് നിര്‍ദ്ദേശിച്ചതിന്റെ പേരില്‍ തനിക്ക് കരുണാകരനില്‍ നിന്നു തന്നെ ഏറെ പഴിയും അധിക്ഷേപവും കേള്‍ക്കേണ്ടി വന്നുവെന്നും ഇത്തവണ അതൊഴിവാക്കാനാണ് പത്മജയുടെ പേര് താന്‍ നിര്‍ദ്ദേശിക്കാതിരുന്നതെന്നും ആന്റ്ണി പറഞ്ഞു. പത്മജയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രധാനപ്രതി താനാണെന്ന രീതിയിലുള്ള പ്രസ്താവനകളോട് ആന്റണി രൂക്ഷമായാണ് പ്രതികരിച്ചത്. മന:പൂര്‍വമാണ് ഞാന്‍ പത്മജയുടെ പേര് നിര്‍ദ്ദേശിക്കാതിരുന്നത്. 1989 ലേതു പോലെ അപമാനിതനാകാനും മുറിവേല്‍ക്കാനും പറ്റാത്തതുകൊണ്ടാണ്. മറ്റാരെങ്കിലും നിര്‍ദ്ദേശിച്ചിരുന്നുവെങ്കില്‍ ഞാന്‍ എതിര്‍ക്കുമായിരുന്നില്ല. എന്നാല്‍, കരുണാകരന്റെ അനുയായികള്‍ പോലും പത്മജയുടെ പേര് നിര്‍ദ്ദേശിച്ചില്ല-ആന്റണി പറഞ്ഞു.
സീറ്റ് വിഭജനത്തില്‍ കരുണാകരനു നേരിട്ടുവെന്നാരോപിക്കപ്പെടുന്ന അവഹേളനത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ആന്റണി തീര്‍ത്തു പറഞ്ഞു. സീറ്റ് വിഭജനത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ വേഗം പരിഹരിക്കപ്പെടുമെന്ന് ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു. സീറ്റ് വിഭജനക്കാര്യത്തില്‍ ഹൈക്കമാണ്ട് തീരുമാനത്തെ അംഗീകരിക്കുവാനും തന്റെ അനുയായികളെ നിയന്ത്രിക്കാനും ആന്റണി കരുണാകരനോട് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications