മുഖ്യമന്ത്രി മാപ്പ് പറയണം: നന്ദകുമാര്‍
തിരുവനന്തപുരം: തനിക്കെതിരെ എല്ലാ കേസുകളിലും സര്‍ക്കാര്‍ പരാജയപ്പെട്ട സ്ഥിതിക്ക് തന്നെ അറസ്റ് ചെയ്തതിലും ക്രൈം വാരികയുടെ ഓഫീസ് സീല്‍ വെച്ച നടപടിയിലും മുഖ്യമന്ത്രി നായനാര്‍ മാപ്പ് ചോദിക്കണമെന്ന് ക്രൈം വാരിക പത്രാധിപര്‍ ടി.പി.നന്ദകുമാര്‍ പറഞ്ഞു.
തനിക്കെതിരായ കേസുകള്‍ തള്ളിക്കളഞ്ഞ സ്ഥിതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.
കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടി മുഖ്യപ്രതിയാണെന്ന് കാണിച്ച് സര്‍ക്കാരിന് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ റിപ്പോര്‍ട്ട് മോഷ്ടിച്ചു എന്നാരോപിച്ച് തനിക്കെതിരെ സര്‍ക്കാര്‍ കേസെടുത്തിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ക്കുകയാണ് ചെയ്തത്. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് താന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കേസ് നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി.
എംഎല്‍എ ശോഭന ജോര്‍ജിനെ താന്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ച് മറ്റൊരു കേസെടുത്തിരുന്നു. എന്നാല്‍ നന്ദകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് തന്റെ സുഹൃത്തുക്കള്‍ വഴി ശോഭന തന്നെ അറിയിച്ചതായി നന്ദകുമാര്‍ പറഞ്ഞു. അതോടെ ആ കേസും ഇല്ലാതായി.
ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ മാത്രമാണ് തനിക്കെതിരെകേസുകളുള്ളത്. അതിന്റെ വാദം പൂര്‍ത്തിയായി. അനുകൂലതീരുമാനം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നന്ദകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications