Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പ് പോര് തീര്‍ക്കണമെന്ന് ലീഗും മാണിയും

തിരുവനന്തപുരം:കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂലം യു ഡി എഫില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി തീര്‍ക്കാന്‍ മുസ്ലീംലീഗും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും രംഗത്ത്. കോണ്‍ഗ്രസിലെ പ്രതിസന്ധി തീര്‍ക്കാന്‍ എത്രയും വേഗം ഇടപെടണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് മുസ്ലീംലീഗും കേരള കോണ്‍ഗ്രസ് എമ്മും അഭ്യര്‍ത്ഥിച്ചു.

ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും കെ. എം. മാണിയും ഏപ്രില്‍ പത്ത് ചൊവാഴ്ച കെ. കരുണാകരനേയും എ.കെ. ആന്റണിയേയും കണ്ട് ചര്‍ച്ച നടത്തി. ഏപ്രില്‍ 16 തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കുന്നതിനു മുമ്പ് പ്രശ്നം ഒത്തു തീരുമെന്ന് പ്രതീക്ഷിക്കുന്നതായി മാണിയും കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.

അതിനിടെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാണ്ട് എത്രയും വേഗം ഇടപെടണമെന്ന് ലീഗ് നേതാവ് ഇ. അഹമ്മദ് എം പി കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രത്യേക സന്ദേശം നല്‍കിയിട്ടുണ്ട്. ലീഗ് സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരു മൂലം യു ഡി എഫിന് തിരഞ്ഞെടുപ്പില്‍ നഷ്ടങ്ങളുണ്ടാകാമെന്നും ഇതിന് ലീഗ് ഉത്തരവാദിയായിരിക്കില്ലെന്നും ലീഗ് നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്റിനെ ധരിപ്പിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ എത്രയും വേഗം തീര്‍ത്ത് യു ഡി എഫിന് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തിറങ്ങാനുള്ള കളമൊരുക്കണെന്നാണ് ഇ അഹമ്മദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിനും നല്‍കിയ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും കഴിഞ്ഞിട്ടും പൂര്‍ണരൂപത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ ഇനിയും യു ഡി എഫിന് കഴിഞ്ഞിട്ടില്ലെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണ- പ്രത്യാരോപണങ്ങള്‍ക്കിടയില്‍ ദിവസങ്ങള്‍ കടന്നു പോകുന്നു. അതിനിടയില്‍ റിബലുകള്‍ പലയിടത്തും തലപൊക്കിയിരിക്കുന്നു.

1996ലേതു പോലെ സംസ്ഥാനത്ത് യു ഡി എഫിനുള്ള അനുകൂല തരംഗം കോണ്‍ഗ്രസിലെ എ -ഐ പോരിനിടെ തകര്‍ന്നുപോകാനുള്ള സാധ്യത ലീഗ് മുന്‍കൂട്ടി കാണുന്നു. ഇത്തവണയും സീറ്റ് ചര്‍ച്ചയില്‍ അവകാശവാദങ്ങള്‍ക്കോ പിണക്കങ്ങള്‍ക്കോ ഇട നല്‍കാതെ മുന്നോട്ടു പോയ ലീഗിന് കോണ്‍ഗ്രസിലെ പോര് ആശങ്കയുണര്‍ത്തുന്നുണ്ട്. ഇനിയുമൊരു പരാജയം തങ്ങള്‍ക്ക് സഹിക്കാനാവില്ലെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു.

യു ഡി എഫിനെ കോണ്‍ഗ്രസ് മുക്കിക്കളഞ്ഞാല്‍ അതിനൊപ്പം മുങ്ങാന്‍ ലീഗ് തയ്യാറാവില്ലെന്ന സൂചനയും ലീഗ് നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്റിന് നല്‍കിയിട്ടുണ്ട്. ലീഗിനുള്ളില്‍ തന്നെ ഇടതുമുന്നണിയിലേയ്ക്ക് ചേക്കേറണമെന്ന് അഭിപ്രായമുള്ളവരുടെ നിലപാടുകള്‍ക്ക് ന്യായീകരണം നല്‍കുന്ന വിധത്തിലാണ് കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ പോകുന്നതെന്നും ലീഗ് നേതൃത്വം ഹൈക്കമാന്റിനെ അറിയിച്ചു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നു തന്നെയാണ് മുതിര്‍ന്ന ലീഗ് നേതാക്കളുടെ അഭിപ്രായം. കോണ്‍ഗ്രസില്‍ എന്നും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും അവ നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജി പറഞ്ഞു. പക്ഷേ, പ്രശ്നപരിഹാരം അകലുന്തോറും അത് യു ഡി എഫിന്റെ മുന്നേറ്റത്തിന് വിഘാതമാകുന്നുണ്ടെന്ന് കൊരമ്പയില്‍ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+