റിബലുകള്‍ വന്നാല്‍ എന്നെ കുറ്റം പറയരുത്: കരുണാകരന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലുകള്‍ മത്സരിക്കുകയാണെങ്കില്‍ തന്നെ കുറ്റം പറയരുതെന്ന് കെ. കരുണാകരന്‍. ഏപ്രില്‍ 11 ബുധനാഴ്ച തിരുവനന്തപുരത്തെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
റിബലുകള്‍ വന്നാല്‍ എന്നെ കുറ്റം പറയരുത്. അവരെ തടഞ്ഞുനിര്‍ത്താനുള്ള എന്റെ ശക്തി ചോര്‍ന്നിരിക്കുന്നു. സീറ്റ് കിട്ടാന്‍ യോഗ്യതയുള്ളവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അത് ചെയ്യരുതെന്ന് പറയാന്‍ എനിക്കെന്ത് അവകാശമാണുള്ളത് - കരുണാകരന്‍ ചോദിച്ചു.
ഹൈക്കമാന്‍ഡിന് ഐ ഗ്രൂപ്പിനോടുള്ള സമീപനമാണ് മാറേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എഐസിസി നിയോഗിച്ച രണ്ടംഗ സംഘം പ്രശ്നം തീര്‍ക്കാനായി എത്തിയാലും അവര്‍ ഞങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ചാണ് അവരുടെ വിജയം. ഇതുവരെ ഒരു ഫോര്‍മുലയിലും എത്തിച്ചേര്‍ന്നിട്ടില്ല.
ഏതാനും ചില സീറ്റുകളുടെ പ്രശ്നങ്ങളല്ല ഇത്. നിര്‍ദ്ദേശിച്ചവരില്‍ മിക്കവരുടെയും പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണ് തന്നെ ഏറെ വേദനിപ്പിച്ചത്. തന്റെ കൂടെയുള്ളവരെ വഞ്ചിക്കുകയായിരുന്നു - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എ.കെ. ആന്റണി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെയും കരുണാകരന്‍ ഖണ്ഡിച്ചു. 1989ല്‍ മുരളീധരന് സീറ്റ് കൊടുത്തത് ആന്റണി വലിയ കാര്യമായി പറയുന്നു. പക്ഷെ അന്ന് യോഗ്യതയുള്ളവര്‍ ഇല്ലാത്തതുകൊണ്ടാണ് മുരളിക്ക് കോഴിക്കോട് സീറ്റ് നല്‍കിയത്. മുരളി കോഴിക്കോട്ട് ഇമ്പിച്ചിബാവയെയാണ് തോല്പിച്ചത് എന്നും ഓര്‍ക്കേണ്ടതുണ്ട്. ആന്റണിയെ കെപിസിസി പ്രസിഡണ്ടും മുഖ്യമന്ത്രിയുമായി അവരോധിച്ചത് ആരാണെന്ന് മറന്നുപോകരുത് - കരുണാകരന്‍ വ്യക്തമാക്കി.
ആന്റണിക്ക് പത്മജയുടെ പേര് പറയാന്‍ മടിയായിരുന്നുവത്രേ. ഒരു സ്വാതന്ത്യ്രസമര സേനാനിയുടെ മകളുടെ പേര് പറയുന്നതിന് എന്തിനാണ് അയിത്തം? ഞാന്‍ പേരു പറഞ്ഞാല്‍ പിന്നീട് ആ കണക്കുപറഞ്ഞ് അവര്‍ക്ക് വിലപേശണം. അത് നടക്കില്ല മിസ്റര്‍ ആന്റണി - കരുണാകരന്‍ ആഞ്ഞടിച്ചു.
രണ്ടു തവണ തന്നെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു പിടിച്ചിറക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ ഇടതുമുന്നണിയുടെ കൈയിലുള്ള ഒരു സീറ്റാണ് താന്‍ പിടിച്ചുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications