ചലച്ചിത്ര അക്കാദമിയില്‍ നിന്ന് കൂട്ടരാജി
തിരുവനന്തപുരം: ചെയര്‍മാന്‍ ഷാജി എന്‍. കരുണിന്റെ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ നിന്ന് മൂന്ന് അംഗങ്ങള്‍ കൂടി രാജിവെക്കാന്‍ തീരുമാനിച്ചു. കെ.ജി. ജോര്‍ജ്, ജോണ്‍ ശങ്കരമംഗലം, സുരേഷ് ബാബു എന്നിവരാണ് രാജിവെക്കുന്നത്. ഏപ്രില്‍ 17 ചൊവാഴ്ച നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ രാജി സമര്‍പ്പിക്കുമെന്ന് ഇവര്‍ പറഞ്ഞു.
നേരത്തെ ഷാജിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും നിര്‍വാഹകസമിതിയില്‍ നിന്നും ഡയറക്ടര്‍ മീരാസാഹിബിനെ സംസ്ഥാന സര്‍ക്കാര്‍ നീക്കിയിരുന്നു. ഇപ്പോള്‍ മൂന്നു പേര്‍ കൂടി രാജിവെക്കാന്‍ തീരുമാനിച്ചതോടെ അക്കാദമിയുടെ പ്രവര്‍ത്തനം താളം തെറ്റുന്ന നിലയിലാണ്.
ജോണ്‍ ശങ്കരമംഗലം അക്കാദമി വൈസ് ചെയര്‍മാനാണ്. അടുത്തിടെ അവസാനിച്ച കേരള അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്കെ) ഡയറക്ടര്‍മാരായിരുന്നു ജോണ്‍ ശങ്കരമംഗലവും കെ.ജി. ജോര്‍ജ്ജും. സുരേഷ് ബാബു ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ഇതോടെ ഷാജിയുടെ വിരുദ്ധ ചേരിയില്‍ ഏറെ ആളുകളുണ്ടെന്ന് വ്യക്തമായി.
തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിലാണ് ഷാജി എന്‍. കരുണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജോണ്‍ ശങ്കരമംഗലം പറഞ്ഞു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ പരിപോഷിപ്പിക്കാന്‍ ഉദ്ദേശിച്ച് രൂപീകരിച്ച അക്കാദമി സൊസൈറ്റി പ്രസ്ഥാനത്തെ നശിപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് സുരേഷ് ബാബു ആരോപിച്ചു.
കഴിഞ്ഞ തവണത്തെ അവാര്‍ഡ് നിര്‍ണയത്തില്‍ പ്രതിഷേധിച്ച് അക്കാദമിയില്‍ നിന്ന് പി.ടി. കുഞ്ഞുമുഹമ്മദ് എംഎല്‍എ രാജിവെച്ചിരുന്നു. അന്നുമുതല്‍ നിലനിന്ന ചേരിപ്പോരാണ് മീരാസാഹിബിന്റെ പുറത്താക്കലില്‍ കലാശിച്ചത്. കഴിഞ്ഞ ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന്‍ ടി.വി. ചന്ദ്രന്‍ അക്കാദമി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സിപിഎം അനുഭാവികളാണ് അക്കാദമിയിലും ഇരുപക്ഷത്തുമായി അണിനിരന്നിരിക്കുന്നത്. ഷാജി എന്‍. കരുണ്‍ അറിയപ്പെടുന്ന സിപിഎം അനുഭാവിയാണ്. പി.ടി. കുഞ്ഞുമുഹമ്മദാകട്ടെ എംഎല്‍എ സ്ഥാനത്തിനു പുറമെ പാര്‍ട്ടി ചാനലായ കൈരളിയുടെ മുഖ്യചുമതല കൂടി വഹിക്കുന്നു. പുറത്താക്കപ്പെട്ട മീരാസാഹിബ് സിപിഎം സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ടും.












Click it and Unblock the Notifications