സോണിയയ്ക്കെതിരേ സി ബി ഐ അന്വേഷണമില്ല
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി എ ബി വാജ്പേയി വ്യക്തമാക്കി. തെഹല്‍കാ ഇടപാടുകളെച്ചൊല്ലി പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നത് ഒഴിവാക്കാന്‍ ഏപ്രില്‍ 14 ശനിയാഴ്ച വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യംവ്യക്തമാക്കിയത്.
ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സോണിയാ ഗാന്ധിക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സോണിയയ്ക്കെതിരേ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ഏപ്രില്‍ 14 ശനിയാഴ്ച ദില്ലിയില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് തെഹല്‍കാ പ്രശ്നത്തെച്ചൊല്ലി പാര്‍ലെമെന്റ് സ്തംഭിക്കാതിരിക്കാനുള്ള വഴികളെക്കുറിച്ചാലോചിക്കാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം കോണ്‍ഗ്രസ് ബഹിഷ്കരിച്ചിരുന്നു. കോണ്‍ഗ്രസിനു പുറമേ രാഷ്ട്രീയ ജനതാദളും സര്‍വ കക്ഷി യോഗം ബഹിഷ്കരിച്ചിരുന്നു.
സോണിയാ ഗാന്ധിക്കെതിരേ ആരോപണങ്ങളുയര്‍ത്തിക്കൊണ്ട് സുബ്രഹ്മണ്യം സ്വാമി എഴുതിയ കത്ത് പേഴ്സണല്‍ വകുപ്പിലേയ്ക്ക് നീക്കിയത് തന്റെ അറിവോടെയായിരുന്നില്ലെന്ന് പ്രധാനമന്ത്രി സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കി. ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഇക്കാര്യത്തിലുള്ള തെറ്റിദ്ധാരണ നീങ്ങുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഏപ്രില്‍ 16 തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനം പ്രശ്നങ്ങളില്ലാതെ സാധാരണ പോലെ നടത്താന്‍ സര്‍വ കക്ഷിയോഗം ഏകകണ്ഠമായി തീരുമാനിച്ചതായി പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഒ രാജഗോപാല്‍ അറിയിച്ചു.












Click it and Unblock the Notifications