മുംബൈയിലെ വാണിജ്യമേള മാറ്റിവെച്ചു
മുംബൈ: മുംബൈയില്‍ മെയില്‍ തുടങ്ങാനിരുന്ന വാണിജ്യമേള നവംബറിലേക്ക് മാറ്റി. വേനല്‍ക്കാലത്ത് മേളയില്‍ സന്ദര്‍ശകര്‍ കുറവാനാകിടയുണ്ടെന്നതിനാലാണ് മേള നീട്ടിവെക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് വിനോദസഞ്ചാരികള്‍ കൂടുതലായി മുംബൈയിലെത്തുന്നത്. കൂടുതല്‍ സന്ദര്‍ശകര്‍ ഈ മാസങ്ങളില്‍ മേളയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതുകൊണ്ടാണ് മേള ആറു മാസത്തേക്ക് നീട്ടിവെക്കുന്നതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
ദുബായില്‍ നടത്തിയതു പോല ഡ്യൂട്ടിഫ്രീ മേള അല്ലാത്തതുകൊണ്ട് മുംബൈയിലെ മേള വിജയിക്കുമോ എന്ന് വാണിജ്യവൃത്തങ്ങള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ കരകൗശല വസ്തുക്കള്‍ക്കും ഇന്ത്യയില്‍ മാത്രം ലഭിക്കാവുന്നതുമായ സാധനങ്ങള്‍ക്കും ഏറെ ആവശ്യക്കാരുണ്ടാവുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
മേളക്കുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. മേളയോടനുബന്ധിച്ച് പ്രത്യേക കിഴിവ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പത്രങ്ങളില്‍ പരസ്യം പ്രസിദ്ധപ്പെടുത്തിയിരുന്നു.
ഭക്ഷ്യ, കലാ മേളകളും കാറുകള്‍ സമ്മാനമായി നല്‍കുന്ന നറുക്കെടുപ്പുകളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കും.
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമെത്തുന്ന സന്ദര്‍ശകര്‍ക്കായി ഓപ്പറാ ഹൗസ്, ലിങ്കിംഗ് റോഡ്, ഫാഷന്‍ സ്ട്രീറ്റ് എന്നീ സ്ഥലങ്ങളെ പ്രധാന വാണിജ്യകേന്ദ്രങ്ങളായി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. ഓപ്പറ ഹൗസ് രാജ്യത്തെ പ്രധാന വജ്രവില്പനകേന്ദ്രമാണ്. ലിങ്കിംഗ് റോഡും ഫാഷന്‍ സ്ട്രീറ്റും പുതിയ തരത്തിലുള്ള വിലകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ക്ക് പ്രസിദ്ധമാണ്.












Click it and Unblock the Notifications