പാഞ്ച മമതയ്ക്കെതിരെ തിരിയുന്നു
കൊല്‍ക്കത്ത: മമതാ ബാനര്‍ജി പാര്‍ട്ടിയുടെ പല തീരുമാനങ്ങളും ഏകപക്ഷീയമായാണെടുക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അജിത് പാഞ്ച.
മമത ഏകാധിപത്യപരമായ രീതിയില്‍ തീരുമാനങ്ങള്‍ കൈകൊള്ളുന്നത് നിര്‍ത്തലാക്കണമെന്നും പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം പുന:സ്ഥാപിക്കണമെന്നും പാഞ്ച ആവശ്യപ്പെട്ടു.
കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുന്നതടക്കമുള്ള പല തീരുമാനങ്ങളും തന്നോട് ആലോചിക്കാതെയാണെടുത്തതെന്ന് പാഞ്ച കുറ്റപ്പെടുത്തി. തെഹല്‍ക്ക റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രിയായിരുന്ന മമതയോടൊപ്പം കേന്ദ്രസഹമന്ത്രിയായിരുന്ന പാഞ്ചയും രാജിവെച്ചിരുന്നു.
കൊല്‍ക്കത്തയില്‍ ഏപ്രില്‍ 17 ചൊവാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാഞ്ച മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനമഴിച്ചുവിട്ടത്.
കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി താന്‍ നിന്ദിക്കപ്പെടുകയാണ്. താന്‍ ഇതുവരെ അതേ പറ്റി സംസാരിച്ചിട്ടില്ല. പക്ഷേ കഴിഞ്ഞ മാസം അത് സഹിക്കാവുന്നതിനപ്പുറമായി. ഈ 68-ാം വയസില്‍ ഇത് തന്നെ സംബന്ധിച്ചിടത്തോളം അസഹനീയമാണ്. വികരാഭരിതനായി പാഞ്ച പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് ആരുടെയും സ്വകാര്യസ്വത്തല്ല. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം വേണം. തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയാണെങ്കില്‍ അത് അപ്പോള്‍ കാണാം.
താന്‍ പാര്‍ട്ടി വിടാന്‍ പോകുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചതില്‍ തനിക്കും പ്രധാനപങ്കുണ്ടെന്നും പാഞ്ച പറഞ്ഞു.












Click it and Unblock the Notifications