കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമാനത്തോടെ കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി

  • By Super
Google Oneindia Malayalam News

ശ്രീഹരിക്കോട്ട : ജിയോ സിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍( ജി എസ് എല്‍ വി) ബഹിരാകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നപ്പോള്‍ ഒപ്പം ഉയര്‍ന്നത് ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അഭിമാനം. ഏപ്രില്‍ 18 ബുധനാഴ്ച ജി എസ് എല്‍ വി ഭ്രമണപഥത്തിലെത്തിച്ച 1540 കിലോഗ്രാം ഭാരമുള്ള ആശയവിനിമയോപഗ്രഹത്തിനൊപ്പം ഇന്ത്യയും ഇന്ത്യന്‍ ബഹിരാകാശ ഗവേക്ഷണ കേന്ദ്രവും(ഐ എസ് ആര്‍ ഒ) അഭിമാനത്തിന്റെ പുതിയ ഭ്രമണപഥത്തിലെത്തി.

ഉപഗ്രഹങ്ങളെ ഭൂസ്ഥിരഭ്രമണപഥത്തില്‍(ജിയോ സിങ്ക്രണസ് ഓര്‍ബിറ്റ്) എത്തിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കരസ്ഥമാക്കുന്ന ലോകത്തിലെ അഞ്ച് രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യയും. ഇന്ത്യയ്ക്കു മുമ്പ് യു എസ്, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.

സാങ്കേതിക വിദ്യയുടെ വിജയം പൂര്‍ണ്ണമാകണമെങ്കില്‍ രണ്ട് പരീക്ഷണ വിക്ഷേപണങ്ങള്‍ കൂടി വിജയിക്കേണ്ടതുണ്ടെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ .ജി കസ്തൂരിരംഗന്‍ അറിയിച്ചു. ഈ സാങ്കേതിക വിദ്യ കരഗതമായതോടെ ആശയവിനിമയോപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ഇനി ഇന്ത്യ സ്വയംപര്യാപ്തമാണ്. മാത്രമല്ല, ഈ സാങ്കേതിക വിദ്യ ഇല്ലാത്ത രാജ്യങ്ങളുടെ ഉപഗ്രഹ വിക്ഷേപണവും ഇനി ഇന്ത്യയ്ക്ക് നടത്താം. അതു വഴി ഐ എസ് ആര്‍ ഒ യ്ക്ക് കോടികളുടെ വരുമാനവും നേടാം.

ജി എസ് എല്‍ വിയുടെ വിക്ഷേപണം വിജയത്തിലെത്തിച്ചത് ഈ രംഗത്ത് ഐ എസ് ആര്‍ ഒ നടത്തിയ പത്തു വര്‍ഷം നീണ്ട ഗവേക്ഷണങ്ങളും പരീക്ഷണങ്ങളുമാണ്. 161 അടി നീളമുള്ള ഉപഗ്രഹ വിക്ഷേപണ വാഹനം ഇന്ത്യന്‍ ബഹിരാകാശ ഗവേക്ഷണ കേന്ദ്രം ഏറ്റെടുത്ത ഏറ്റവും പ്രയാസം നിറഞ്ഞ പദ്ധതിയായിരുന്നു.

ജി എസ് എല്‍ വി ഭ്രമണപഥത്തിലെത്തിച്ച ആശയവിനിമയോപഗ്രഹവും പുതിയ സാങ്കേതിക വിദ്യകളോടെയുള്ളതാണ്.ഇന്ത്യയും ദക്ഷിണാഫ്രിക്കയുമായുള്ള ആശയവിനിമയത്തില്‍ ഇനി ഇടയ്ക്കുള്ള ഭൗമകേന്ദ്രം ഒഴിവാക്കുന്ന ഉപഗ്രഹത്തെയാണ് ജി എസ് എല്‍ വി ഇപ്പോള്‍ വിക്ഷേപിച്ചിരിക്കുന്നത്.

1980 ല്‍ എസ് എല്‍ വി ( സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) പദ്ധതിയോടെയാണ് ഇന്ത്യ ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ സാങ്കേതിക വിദ്യ സ്വായത്തമാക്കി തുടങ്ങിയത്. പിന്നീട് 80 കളില്‍ എ എസ് എല്‍ വിയും (ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍), 90 കളില്‍ പി എസ് എല്‍ വിയും ( പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) വിജയകരമായി വിക്ഷേപിച്ചു കൊണ്ട് ബഹിരാകാശ വിക്ഷേപണ സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഈ രംഗത്തെ മുന്‍നിര രാജ്യങ്ങളിലൊന്നായി. ഇപ്പോള്‍ ജി എസ് വി സാങ്കേതിക വിദ്യയിലൂടെ ഇന്ത്യ ബഹിരാകാശ ഗവേക്ഷണ രംഗം നേട്ടങ്ങളുടെ അത്യുന്നത ഭ്രമണപഥത്തിലെത്തില്‍ തന്നെ എത്തിപ്പെട്ടിരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X