വിപ്രോയില്‍ പിരിച്ചുവിടലുണ്ടാവില്ല
കൊല്‍ക്കത്ത: അമേരിക്കയുടെ സമ്പദ്വ്യവസ്ഥയില്‍ മാന്ദ്യവും വിവര സാങ്കേതിക വ്യവസായത്തിന് ക്ഷീണവുമുണ്ടായിട്ടുണ്ടെങ്കിലും വിപ്രോയില്‍ പിരിച്ചുവിടല്‍ പോലുള്ള നടപടികളുണ്ടാവില്ലെന്ന് കമ്പനി അദ്ധ്യക്ഷന്‍ അസിം പ്രേംജി വ്യക്തമാക്കി.
സോഫ്ട്വെയര്‍ വിദഗ്ധരുടെ ശമ്പളവും വെട്ടിക്കുറയ്ക്കില്ല. എന്നാല്‍ ഈ വര്‍ഷം പുതിയ നിയമനങ്ങള്‍ പരമാവധി കുറയ്ക്കും. ഏപ്രില്‍ 20 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ പ്രേംജി പറഞ്ഞു. ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും അമേരിക്കയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ വിപണി കൂടി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യും.
എന്നാല്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലുണ്ടായിട്ടുള്ള ക്ഷീണാവസ്ഥ ഒരു തരത്തില്‍ ഇന്ത്യന്‍ സോഫ്ട്വെയര്‍ കമ്പനികള്‍ക്ക് ഗുണകരമാകുമെന്ന് പ്രേംജി ചൂണ്ടിക്കാട്ടി. കുറഞ്ഞ ചെലവില്‍ സോഫ്ട്വെയര്‍ വികസിപ്പിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളെ ആശ്രയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം 10, 000 പേര്‍ പണിയെടുക്കുന്ന വിപ്രോയുടെ വരുമാനത്തിന്റെ 60 ശതമാനവും സോഫ്ട്വെയര്‍ കയറ്റുമതിയിലൂടെയാണ് ലഭിക്കുന്നത്. ഇതില്‍ 63 ശതമാനവും അമേരിക്കയില്‍ നിന്നാണ്. നേരത്തെ ഇത് 70 ശതമാനമായിരുന്നു.












Click it and Unblock the Notifications