റെയില്‍വെ ബജറ്റ് പാസാക്കി
ദില്ലി: കോണ്‍ഗ്രസ് അംഗങ്ങളുടെ വന്‍ പ്രതിഷേധത്തിനും ബഹളത്തിനുമിടയില്‍ റെയില്‍വെ ബജറ്റ് പാര്‍ലമെന്റില്‍ പാസാക്കി.
ഏപ്രില്‍ 20 വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം സഭ സമ്മേളിച്ചപ്പോള്‍ റെയില്‍വെ ബജറ്റ് പാസാക്കാന്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ ജി. എം. സി. ബാലയോഗി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തെഹല്‍ക്കാ പ്രശ്നത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലേക്കിറങ്ങി.
രാവിലെ സഭ സമ്മേളിച്ചപ്പോഴും കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വയ്ക്കുകയും സഭാനടപടികള്‍ തടസപ്പെടുത്തുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തില്‍ റെയില്‍വെ ബജറ്റ് പാസാക്കുന്നത് സംബന്ധിച്ച് സ്പീക്കര്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രമോദ് മഹാജനുമായും കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുമായും ചര്‍ച്ച നടത്തിയിരുന്നു.
ഉച്ചയ്ക്കു ശേഷം റെയില്‍വെ ബജറ്റ് വോട്ടിനിട്ട് പാസാക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പൊതു ബജറ്റ് ഏപ്രില്‍ 25 ബുധനാഴ്ച പാസാക്കാനാണ് ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications