കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ എന്‍ എല്‍ അത്ര വര്‍ഗീയമല്ല- വെളിയം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അത്ര വലിയ ഒരു വര്‍ഗീയ കക്ഷി അല്ല ഇന്ത്യന്‍ നാഷണല്‍ ലീഗ് ( ഐ എന്‍ എല്‍) എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. ഏപ്രില്‍ 20 വെളളിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഇലക്ഷന്‍ 2001 മീറ്റ് ദ പ്രസ് പരിപാടിയിലാണ് ഐ എന്‍ എല്ലിന്റെ വര്‍ഗീയസ്വഭാവത്തെക്കുറിച്ച് എവിടെയും തൊടാത്ത ഉത്തരം വെളിയം നല്കിയത്.

ഐ എല്‍ എല്‍ വര്‍ഗീയ കക്ഷി ആയാലും കുഴപ്പമില്ല, ഇടതുമുന്നണിയ്ക്ക് ആ കക്ഷിയുമായി സീറ്റ് ധാരണ മാത്രമേയുള്ളൂവെന്ന് വെളിയം പറഞ്ഞു. ബി ജെ പിയും എന്‍ ഡി എഫും പോലെ അത്ര വര്‍ഗീയമല്ല ഐ എന്‍ എല്‍ എന്നു പറഞ്ഞ വെളിയം ഐ എന്‍ എല്‍ വര്‍ഗീയകക്ഷി ആണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി പറയാമോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല.

മതതീവ്രവാദത്തെ എതിര്‍ക്കാന്‍ മുസ്ലീംലീഗ്, ഐ എല്‍ എല്‍ തുടങ്ങിയ കക്ഷികള്‍ക്ക് കഴിയുമെങ്കില്‍ അത് നല്ലതാണെന്ന് വെളിയം പറഞ്ഞു. ലീഗുമായി സഖ്യമുണ്ടാക്കണമെന്ന് ആദ്യം പറഞ്ഞത് സി പി ഐ യാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലബാറില്‍ എന്‍ ഡി എഫ് പിന്തുടരുന്ന ന്യൂനപക്ഷ വര്‍ഗീയതയെ ചെറുക്കണമെങ്കില്‍ ഐ എന്‍ എല്ലിന്റെ പിന്തുണ വേണം. ഐ എന്‍ എല്ലിനെ ബി ജെ പി യുമായി താരതമ്യപ്പെടുത്തരുത്.

ബാബ്റിമസ്ജിദ് പ്രശ്നത്തില്‍ തീവ്രമായ നിലപാടെടുത്ത കക്ഷിയാണ് ഐ എന്‍ എല്‍ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊക്കെ കഴിഞ്ഞു എന്ന് വെളിയം പറഞ്ഞു.

കേരളത്തില്‍ ഉപാധികള്‍ക്ക് വിധേയമായി സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങാന്‍ ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യം എന്തുകൊണ്ട് മുന്നണിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യത്തിന് വെളിയം വ്യക്തമായ ഉത്തരം നല്‍കിയില്ല.

ആരുടെ വോട്ട് വാങ്ങിയും അധികാരത്തിലെത്തുമെന്ന യു ഡി എഫ് കണ്‍വീനര്‍ കെ ശങ്കരനാരായണന്റെ പ്രസ്താവന യു ഡി എഫിന്റെ യഥാര്‍ത്ഥ നിലപാടാണെന്ന് വെളിയം ഭാര്‍ഗവന്‍ കുറ്റപ്പെടുത്തി. സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ട എ നീലലോഹിതദാസന്‍ നാടാരെ ഇടതുമുന്നണി വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കിയില്ലേ എന്ന മറുചോദ്യമാണ് വെളിയം ഉന്നയിച്ചത്.

ഇടതുമുന്നണി സര്‍ക്കാരിന്റെ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും കേരളത്തില്‍ ഉറച്ച ഭരണം പ്രദാനം ചെയ്യാന്‍ ഇടതുമുന്നണിയ്ക്കു മാത്രമേ കഴിയുകയുള്ളൂവെന്നും വെളിയം പറഞ്ഞു. പി ഡി പി യുമായും ബി ജെ പിയുമായും സഖ്യമുണ്ടോയെന്ന ചോദ്യത്തിന് എ കെ ആന്റണി വ്യക്തമായ ഉത്തരം നല്‍കണം.

രാഷ്ട്രീയത്തിലും വികസനത്തിലും വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതന്ന്െ വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. മെച്ചപ്പെട്ട വളര്‍ച്ചാനിരക്ക് കൈവരിക്കണമെങ്കില്‍ കാര്‍ഷിക, സാമ്പത്തിക, വ്യാവസായിക, ടൂറിസം മേഖലകളിലും അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും കുതിപ്പു വേണം. ഇല്ലെങ്കില്‍ സംസ്ഥാനം ഇതു വരെ കൈവരിച്ച നേട്ടങ്ങള്‍ പോലും ഇല്ലാതാകുമെന്നും വെളിയം ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X