ജവാന്മാരുടെ ശരീരം വികലമാക്കി
ബൊറൈബാരി(അസം): ഏപ്രില്‍ 18 ബുധനാഴ്ച ബംഗ്ലാദേശ് റൈഫിള്‍സ് കൊലപ്പെടുത്തിയ 15 ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസൈനികരുടെ മൃതദേഹങ്ങള്‍ വികലമാക്കിയ നിലയിലാണ് ഇന്ത്യയ്ക്ക് തിരിച്ചു കിട്ടിയത്. ജവാന്മാരുടെ മൃതശരീരങ്ങള്‍ ഏപ്രില്‍ 20 വെള്ളിയാഴ്ച രാത്രി ബി എസ് എഫ് അധികൃതര്‍ ബംഗ്ലാദേശ് റൈഫിള്‍സില്‍ നിന്നും ഏറ്റുവാങ്ങി.
തിരിച്ചറിയാന്‍ പോലുമാകാത്തവിധം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു ജവാന്മാരുടെ ശരീരങ്ങളെന്ന് ബി എസ് എഫ് അധികൃതര്‍ വ്യക്തമാക്കി. ജഡങ്ങള്‍ ഏറ്റുവാങ്ങാന്‍ കേന്ദ്രസര്‍ക്കാരും ബി എസ് എഫും ആദ്യം വിസമ്മതിച്ചിരുന്നു. പിന്നീട് ബി എസ് എഫ് , ബംഗ്ലാദേശ് റൈഫിള്‍സ് ഉന്നതാധികാരികളുമായി രാത്രിയില്‍ പ്രത്യേകം നടത്തിയ ഫ്ലാഗ് മീറ്റിംഗിലാണ് ശരീരങ്ങള്‍ ഏറ്റുവാങ്ങുന്ന കാര്യത്തില്‍ തീരുമാനമുണ്ടായത്.
ജവാന്മാരുടെ ശരീരങ്ങള്‍ വികൃതമാക്കിയത് പ്രധാനമന്ത്രി എ.ബി. വാജ്പേയി വളരെ ഗൗരവമായി കാണുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നറിയിച്ചു. അഹമ്മദാബാദിലായിരുന്ന ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിയുമായി പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഷില്ലോങ്ങിലുള്ള ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ ഗുര്‍ബച്ചന്‍ ജഗതുമായും പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തി. അതിര്‍ത്തിസംഘര്‍ഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് ദില്ലിയിലെത്താന്‍ പ്രധാനമന്ത്രി ബി എസ് എഫ് തലവന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബി എസ് എഫ് ഭടന്മാരെ അകാരണമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിലും മൃതശരീരങ്ങള്‍ വികൃതമാക്കിയതിലും ഇന്ത്യയ്ക്കുള്ള ശക്തമായ പ്രതിഷേധം ബംഗ്ലാദേശ് സര്‍ക്കാരിനെ അറിയിക്കും.












Click it and Unblock the Notifications