ബാറുകള്‍ അടച്ചുപൂട്ടാനുള്ള വിധിക്ക് സ്റ്റേ
ദില്ലി: അബ്കാരി ചട്ടങ്ങളും ദൂരപരിധിയും ലംഘിച്ചു പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അടച്ചു പൂട്ടണമെന്ന കേരള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഏപ്രില്‍ 20 വെള്ളിയാഴ്ചയാണ് ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ 186 ബാറുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധിക്കെതിരേ കേരളാ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീംകോടതി വിധി. ഹര്‍ജി മൂന്നു മാസത്തിനു ശേഷം കോടതി വീണ്ടും പരിഗണിക്കും.
നേരത്തേ അടച്ച ബാര്‍ ഹോട്ടലുകള്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുറന്നു പ്രവര്‍ത്തിക്കാനാകും.
അബ്കാരി ചട്ടങ്ങള്‍ പ്രകാരം ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവയ്ക്ക് 200 മീറ്ററിനുള്ളില്‍ ബാറുകള്‍ പാടില്ല. അതു പോലെ തന്നെ ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ടൂ സ്റ്റാര്‍ സൗകര്യങ്ങളുണ്ടെങ്കിലേ ബാര്‍ ലൈസന്‍സ് അനുവദിക്കാവൂ എന്നും വ്യവസ്ഥയുണ്ട്.
കേരളത്തില്‍ അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള പ്രൊഹിബിഷന്‍ കൗണ്‍സില്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ജയപ്രകാശും കലൂര്‍ ജോസ് എന്നയാളും സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എക്സൈസ് കമ്മീഷണര്‍ ജെ ലളിതാംബിക ഏപ്രില്‍ 12 ന് 186 ബാറുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications