ധീവരസഭ യുഡിഎഫിനെ പിന്തുണയ്ക്കും
തിരുവനന്തപുരം: ഇതുവരെ ഇടതുമുന്നണിക്ക് പിന്തുണ നല്കിയിരുന്ന അഖിലകേരള ധീവരസഭ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ധീവരസഭയെ പട്ടികജാതി ലിസ്റില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണിതെന്ന് സഭാ പ്രസിഡന്റും മത്സ്യഫെഡ് ചെയര്‍മാനുമായ വി. ദിനകരന്‍ അറിയിച്ചു.
യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് മത്സ്യഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും താന്‍ രാജിവയ്ക്കുന്നതായി ദിനകരന്‍ അറിയിച്ചു. നിരവധി മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള തങ്ങളുടെ പിന്തുണയ്ക്കനുസരിച്ച് പല സ്ഥാനാര്‍ത്ഥികളുടെയും ജയാപജയങ്ങള്‍ തീരുമാനിക്കപ്പെടുമെന്ന് ദിനകരന്‍ അവകാശപ്പെട്ടു.
ഇടതുമുന്നണി വഞ്ചിച്ചു
ധീവരരുടെ കൂടി സഹായത്തോടെ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മറ്റു പല സമുദായങ്ങള്‍ക്കും വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്കിയപ്പോള്‍ ധീവര സമുദായത്തോടു വഞ്ചനാപരമായ നിലപാടാണു സ്വീകരിച്ചത്. ധീവരസഭയെ പട്ടികജാതി ലിസ്റില്‍ ഉള്‍പ്പെടുത്താന്‍ മുന്‍ യുഡിഎഫ് മന്ത്രിസഭ നല്കിയ ശുപാര്‍ശ റദ്ദാക്കുകയാണ് എല്‍ഡിഎഫ് ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരായിരുന്നുവെന്ന് ദിനകരന്‍ ആരോപിച്ചു.
തങ്ങള്‍ക്ക് 41 നിയോജകമണ്ഡലങ്ങളില്‍ സ്വാധീനമുണ്ടായിട്ടും ഒറ്റ ധീവരനെപ്പോലും സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണി തയാറായില്ല. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിസ്റില്‍ തങ്ങളുടെ സമുദായത്തില്‍ പെട്ട മൂന്നുപേര്‍ സ്ഥാനംപിടിച്ചിട്ടുണ്ടെന്ന് ദിനകരന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications