ഐഎന്‍എല്‍ ബന്ധം കേന്ദ്രനേതൃത്വത്തിന്റെ അറിവോടെ
ദില്ലി: കേരളത്തില്‍ ഇടതുമുന്നണി ഐഎന്‍എല്ലുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരിക്കുന്നത് സി പി എം കേന്ദ്രനേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം സീതാറാംയെച്ചൂരി വ്യക്തമാക്കി. ഏപ്രില്‍ 22 ഞായറാഴ്ച ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് യെച്ചൂരി ഇത് പറഞ്ഞത്. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രരായാണ് സി പി എം കാണുന്നതെന്ന് പറഞ്ഞ യെച്ചൂരി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഐഎന്‍എല്‍ വര്‍ഗീയ കക്ഷിയാണോ എന്ന് നിര്‍വചിക്കുന്നത് വിഷമകരമാണെന്നും കൂട്ടിച്ചേര്‍ത്തു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ഫാദര്‍ മത്തായി നൂറനാലിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതില്‍ വര്‍ഗീയത കാണേണ്ടതില്ലെന്നും യെച്ചൂരി പറഞ്ഞു.
ഐഎന്‍എല്ലുമായി യാതൊരു സഖ്യവുമുണ്ടാക്കുന്നതിനെപ്പറ്റി സിപിഎം ചിന്തിച്ചിട്ടില്ലെന്ന മറ്റൊരു പോളിറ്റ് ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റുമായഇ. ബാലാനന്ദന്‍ ഏപ്രില്‍ 21 ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് കടകവിരുദ്ധമായ നിലപാടാണ് സീതാറാം യെച്ചൂരിയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുന്നത്. ഇതോടെ ഐഎന്‍എല്‍ ബന്ധത്തെപ്പറ്റി സി പി എമ്മിനുള്ളില്‍ തന്നെയുള്ള ആശയപരമായ വിരുദ്ധ നിലപാടുകള്‍ കൂടുതല്‍ വെളിപ്പെട്ടിരിക്കുന്നു.
ബന്ധം തീരുമാനിച്ചത് ഒന്നിച്ച് ചര്‍ച്ച ചെയ്ത് : ഐ എന്‍ എല്‍
എന്നാല്‍ ഇടതുമുന്നണിയുമായി ഐഎന്‍എല്‍ സഹകരിക്കുന്ന കാര്യം വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമൊപ്പമിരുന്ന് ചര്‍ച്ച ചെയ്താണ് തീരുമാനിച്ചതെന്ന് ഐ എന്‍എല്‍ സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം വെളിപ്പെടുത്തി. ഇപ്പോള്‍ ഇക്കാര്യത്തില്‍ അച്യുതാനന്ദനും പിണറായിക്കുമുള്ള വിരുദ്ധ നിലപാടുകള്‍ തങ്ങള്‍ക്കും ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണെന്ന് സലാം പറഞ്ഞു. ഇടതുമുന്നണിയുമായി ഐഎല്‍എല്‍ സഹകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ തങ്ങള്‍ വര്‍ഗീയ കക്ഷിയാണെന്ന് ആരും പറഞ്ഞിരുന്നില്ലെന്നും സലാം വെളിപ്പെടുത്തി. ഓരോ തിരഞ്ഞെടുപ്പിലും സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഐഎന്‍എല്‍ അതിന്റെ നയം തീരുമാനിക്കുന്നത്. യുഡിഎഫ് ബിജെപിയുമായി ബന്ധം പുലര്‍ത്തിയതു കൊണ്ടാണ് അവരുമായുള്ള ബന്ധം ഐഎന്‍എല്‍ അവസാനിപ്പിച്ചതെന്നും സലാം വ്യക്തമാക്കി.
ഇതിനിടെ ഐഎന്‍എല്‍ ബന്ധം സംബന്ധിച്ച് ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികളും തമ്മില്‍ ധാരണയുണ്ടെന്ന് ജനതാദള്‍ സംസ്ഥാനപ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ തൃശൂരില്‍ പറഞ്ഞു.
ഐഎല്‍എല്ലുമായി ധാരണയുണ്ടാക്കുന്നതില്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്ന് മുന്നണി ഘടകകക്ഷിയായ ആര്‍എസ്പി യുടെ നേതാവ് കെ. പങ്കജാക്ഷന്‍ ഏപ്രില്‍ 21 ശനിയാഴ്ച തിരുവനന്തപുരത്ത് വെളിപ്പെടുത്തിയിരുന്നു. സിപിഎം ആണ് ഐഎന്‍എല്ലുമായി സീറ്റ് ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും ഇത് ഇടതുമുന്നണിയുടെ തീരുമാനമല്ലെന്നും പങ്കജാക്ഷന്‍ വെളിപ്പെടുത്തിയിരുന്നു. ഐ എന്‍ എല്‍ ബന്ധം സംബന്ധിച്ച് സി പി എം നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നും പങ്കജാക്ഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications