സിപിഎമ്മുകാര്‍ എനിക്ക് വോട്ട് ചെയ്യും: എംവിആര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് ചില സിപിഎമ്മുകാരും വോട്ട് ചെയ്യുമെന്ന് സിഎംപി നേതാവ് എം. വി. രാഘവന്‍.
ഇക്കാര്യം തന്റെ പഴയ പാര്‍ട്ടിക്കാരില്‍ പലരും തന്നോട് സമ്മതിച്ചിട്ടുണ്ടെന്ന് രാഘവന്‍ അവകാശപ്പെട്ടു. ഏപ്രില്‍ 22 ഞായറാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് നൂറോളം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തും. 1999 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് ലക്ഷം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലായിരുന്നു. 91 മണ്ഡലങ്ങള്‍ യുഡിഎഫ് നേടുകയും ചെയ്തുവെന്ന് രാഘവന്‍ ചൂണ്ടിക്കാട്ടി. മണ്ഡലത്തില്‍ സിപിഎമ്മിന്റെ പ്രേതത്തെ കുഴിച്ചു മൂടും. ഇവിടെ ബിജെപിയുടെ പിന്തുണ താന്‍ തേടിയിട്ടില്ലെന്ന് രാഘവന്‍ പറഞ്ഞു. എന്നാല്‍ പിഡിപിയുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് സിഎംപി നേതാവ് സി. പി. ജോണ്‍ മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ സന്ദര്‍ശിച്ചതായി രാഘവന്‍ വെളിപ്പെടുത്തി.
ജലദോഷം വന്നാല്‍ ലണ്ടനില്‍ പോകുന്നവര്‍
സിപിഎമ്മിന് ഐഎന്‍എല്ലിന്റെ കാര്യത്തില്‍ എത്തും പിടിയുമില്ലാതെ കിടക്കുകയാണ്. ലീഗിന്റെ പുറകേ നടന്നിട്ട് നടക്കാതെ വന്നപ്പോഴാണ് ഐഎന്‍എല്ലിനെ പിടിച്ചത്. മുസ്ലീം ലീഗുമായി സഹകരിക്കണമെന്ന് പറഞ്ഞ തന്നെ പുറത്താക്കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ഐഎന്‍എല്ലിന്റെ പിന്നാലെ പോയതെന്ന് രാഘവന്‍ പറഞ്ഞു.
സംസ്ഥാനത്ത് ട്രഷറി പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചെങ്കിലും സിപിഎമ്മിന്റെയും മന്ത്രിമാരുടെയും മടിശീല വീര്‍ത്തിട്ടുണ്ട്. സംസ്ഥാനത്ത് സാമ്പത്തിക പ്രശ്നമേയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കാരണം തന്റെ ശമ്പളം ഒന്നാം തീയതി തന്നെ കിട്ടിയത്രേ.
ധൂര്‍ത്തന്‍ എന്ന് പറഞ്ഞിരുന്നവരാണ് ജലദോഷം വന്നാല്‍ ചികിത്സയ്ക്ക് ലണ്ടനില്‍ പോകുന്നത്. കയ്യൂരില്‍ നാലാളെ തൂക്കിലേറ്റിയപ്പോള്‍ അപ്പുവിന്റെ കാതിലെ കടുക്കന്‍ പാര്‍ട്ടിക്ക് ഊരി നല്‍കി. അത് ലേലം ചെയ്താണ് പി. കൃഷ്ണപിള്ള പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കിയത്. എന്നാല്‍ ഇപ്പോള്‍ മണിച്ചന്റെയും താത്തയുടെയും പണമാണ് പാര്‍ട്ടിക്കുള്ളത്.
ജനകീയാസൂത്രണ പദ്ധതിക്കായി നീക്കിവച്ച തുകയുടെ പകുതിയെങ്കിലും സിപിഎമ്മുകാരുടെ പോക്കറ്റിലായിക്കാണുമെന്ന് രാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഘടകകക്ഷികള്‍ക്ക് പ്രശ്നമൊന്നുമുണ്ടാക്കില്ല. കോണ്‍ഗ്രസില്‍ മുമ്പും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് അവര്‍ തന്നെ പരിഹരിച്ച് മുന്നോട്ടു പോകുമെന്ന് രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications