Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയുടെ വിമാനക്കൂലി: സര്‍ക്കാര്‍പ്രതികരണം വേണം

ദില്ലി: 1995 ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ എ കെ ആന്റണി ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ പ്രത്യേക വ്യോമസേനാ വിമാനത്തിന്റെ കൂലി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി.

വിമാനക്കൂലിയും അതിന്റെ പലിശയും ആന്റണിയില്‍ നിന്നും ഈടാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബി എല്‍ വധേര സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിന്മേലാണ് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം മെയ് 10 നു മുമ്പായി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 23 തിങ്കളാഴ്ചയാണ് കോടതി ഇതു സംബന്ധിച്ച് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ആന്റണി പ്രത്യേക വിമാനത്തില്‍ വന്നതിന്റെ കൂലിയായ പതിനാലു ലക്ഷത്തി അറുപതിനായിരം രൂപ ഇതു വരെ പ്രതിരോധ മന്ത്രാലയത്തിനു ലഭിച്ചിട്ടില്ലെന്നും , തുക നല്‍കില്ലെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് തുക ആന്റണിയില്‍ നിന്നും ഈടാക്കണമെന്നുമാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ ഹര്‍ജിക്കാരന്റെ ആവശ്യം.

2000 മെയ് 12 ന് ഇതേ പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുകയും ഇതൊരു പൊതുനിവേദനമായി പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, പല പ്രാവശ്യം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നോ കേന്ദ്ര ക്യാബിനറ്റില്‍ നിന്നോ പ്രതികരണമുണ്ടായില്ലെന്ന് അഡ്വ. വധേര ചൂണ്ടിക്കാട്ടി.

1995മാര്‍ച്ച് 21 ന് പ്രധാനമന്ത്രി അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ ഉത്തരവ് പ്രകാരമാണ് എ കെ ആന്റണിയ്ക്ക് യാത്ര ചെയ്യാന്‍ വ്യോമസേനാ വിമാനം വിട്ടുകൊടുത്തത്. ആന്റണിയ്ക്ക് മാത്രം യാത്ര ചെയ്യാനായിരുന്നു വിമാനം വിട്ടുകൊടുത്തിരുന്നതെങ്കിലും അദ്ദേഹത്തോടൊപ്പം കേരളത്തില്‍ നിന്നുള്ള ആറ് പാര്‍ലമെന്റംഗങ്ങളും യാത്ര ചെയ്തിരുന്നതായി പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പാര്‍ലമെന്റംഗം തന്റെ ഭാര്യയുമൊത്താണ് പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്തത്.

തുകയൊടുക്കാന്‍ കേരളസര്‍ക്കാര്‍ വിസമ്മതിച്ചു

വിമാനത്തിന്റെ കൂലിയ്ക്കായി പ്രതിരോധ മന്ത്രാലയം ആദ്യം സമീപിച്ചത് കേരള സര്‍ക്കാരിനെയായിരുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേരള സര്‍ക്കാര്‍ പണം അടയ്ക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ , പിന്നീട് അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ വിമാനക്കൂലി ഒടുക്കാന്‍ നിര്‍വാഹമില്ലെന്ന് 1997 മാര്‍ച്ചില്‍ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചു.

വിമാനത്തിലെത്തിയ ആന്റണി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മാത്രമായിരുന്നുവെന്നും അതിനാല്‍ ആന്റണിയുടെ യാത്ര പൊതുതാത്പര്യത്തിനായിരുന്നുവെന്ന് പരിഗണിച്ച് തുക പൊതു ഖജനാവില്‍ നിന്നും ചിലവഴിക്കാനാവില്ലെന്നുമായിരുന്നു കേരള സര്‍ക്കാരിന്റെ നിലപാട്.

1998 സപ്തംബറില്‍ വിമാനക്കൂലി കിട്ടണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വേണ്ട നടപടികളെടുത്തതായി കാണുന്നില്ലെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 1997 ലെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലും ആന്റണിയുടെ വിമാനക്കൂലി ഈടാക്കാത്തതിനെപ്പറ്റി പരാമര്‍ശമുണ്ടായിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

കഴിഞ്ഞ അഞ്ചു വര്‍ഷമായി അടയ്ക്കാത്ത തുക മുതലും പലിശയും ചേര്‍ത്ത് എ കെ ആന്റണിയില്‍ നിന്നും ഈടാക്കുന്നതിന് കോടതി ഇടപെടണമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഇനി ഇപ്രകാരം വിമാനങ്ങള്‍ വിട്ടു കൊടുക്കുന്നത് ഒരു മാസത്തിനകം തുക ഒടുക്കാമെന്ന ഉറപ്പിന്മേലാകണമെന്ന് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+