ബജറ്റ് ചര്‍ച്ച ചെയ്ത് പാസാക്കും
ദില്ലി: തെഹല്‍ക പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരും മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും കടും പിടുത്തും ഉപേക്ഷിച്ചതോടെ പൊതു ബജറ്റ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ തീരുമാനമായി. ഏപ്രില്‍ 23 തിങ്കളാഴ്ച രാത്രിയില്‍ ലോക്സഭാ സ്പീക്കര്‍ ജി എം സി ബാലയോഗിയുടെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
തെഹല്‍കാ കോഴ വെളിപ്പെടുത്തലുകളെപ്പറ്റി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സമ്മതിച്ചു.
സ്പീക്കറുടെ ചേംബറില്‍ വച്ചായിരുന്നു പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ ചര്‍ച്ച നടത്തിയത്. ലോക്സഭാ സ്തംഭനം ഒഴിവാക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ചയ്ക്ക് ഒരുക്കണമാണെന്ന പ്രധാനമന്ത്രിയുടെ കത്തിലെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു സ്പീക്കര്‍ യോഗം വിളിച്ചു ചേര്‍ത്തത്.
തെഹല്‍ക പ്രശ്നത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന കോണ്‍ഗ്രസ് നിലപാട് യോഗത്തില്‍ സോണിയാ ഗാന്ധി ആവര്‍ത്തിച്ചു. ബജറ്റ് പാസാക്കിയ ശേഷം കോണ്‍ഗ്രസിന്റെ ആവശ്യം തുറന്ന മനസോടെ പരിഗണിക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.












Click it and Unblock the Notifications