സ്പീക്കര്‍ക്കും മന്ത്രിക്കുമെതിരെ പ്രതിമാസമിതി
തിരുവനന്തപുരം: ഡോ. അംബേദ്കറുടെ പ്രതിമ നിയമസഭാവളപ്പിനു മുന്നില്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ വ്യാജപ്രസ്താവന നടത്തിയ മന്ത്രി കെ. രാധാകൃഷ്ണനും സ്പീക്കര്‍ എം. വിജയകുമാറിനുമെതിരെ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുമെന്ന് അംബേദ്കര്‍ പ്രതിമാ ഏകോപനസമിതി അറിയിച്ചു.
നിയമസഭാവളപ്പിനു മുന്നില്‍ തന്ന പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി സ്പീക്കറും മന്ത്രിയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പിറക്കുകയും ചെയ്തുവെന്ന് സമിതി ഭാരവാഹികള്‍ ഏപ്രില്‍ 25 ബുധനാഴ്ച അറിയിച്ചു. തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിമാ ഏകോപനസമിതി പ്രവര്‍ത്തകര്‍ ചീഫ് സെക്രട്ടറിയുടെ വസതിക്കു മുന്നില്‍ ധര്‍ണ നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോഴായിരുന്നു അത്തരം തീരുമാനമൊന്നുമില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചത്.
പ്രതിമ നിയമസഭയ്ക്കുമുന്നിലല്ലാതെ മറ്റൊരിടത്തും സ്ഥാപിക്കരുതെന്ന് ഹൈക്കോടതി വിധിച്ചിട്ടുണ്ടെന്ന് സമിതി ഭാരവാഹിയായ കെ. വി. കുമാരന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇത് ചെയ്യാതെ മന്ത്രിയെയും സ്പീക്കറെയും കൊണ്ട് വ്യാജ പ്രസ്താവനയിറക്കുകയും ചെയ്തു. ഇതിനാലാണ് ഇവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്. പ്രതിമ നിയമസഭാ മന്ദിരത്തിന് മുന്നില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് രേഖാമൂലമായ അഭിപ്രായം എല്ലാ സ്ഥാനാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് ആരായുമെന്നും സമിതി വ്യക്തമാക്കി.












Click it and Unblock the Notifications