വടകര: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്തര്‍ക്കം തീര്‍ന്നു
കോഴിക്കോട് : വടകര നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസിലെ എ, തിരുത്തല്‍വാദി വിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ഏപ്രില്‍ 24 ചൊവാഴ്ച എ ഐ സി സി നിരീക്ഷകനും കര്‍ണാടക മന്ത്രിയുമായ ജി പരമേശ്വരയ്യയുടെ സാന്നിദ്ധ്യത്തില്‍ ഒദ്യോഗിക സ്ഥാനാര്‍ത്ഥിയും തിരുത്തല്‍വാദി പക്ഷക്കാരനുമായ എ ബാലനാരായണനെ അംഗീകരിക്കാമെന്ന് എ വിഭാഗം സമ്മതിച്ചു.
ഇതോടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായിരുന്ന കയ്യാങ്കളിയ്കും വിമത പ്രവര്‍ത്തനങ്ങള്‍ക്കും താത്കാലിക വിരാമമായി. ഏപ്രില്‍ 22 ഞായറാഴ്ച യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കാന്‍ ചേര്‍ന്ന യോഗം കൂട്ടത്തല്ലിലായിരുന്നു കലാശിച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവര്‍ത്തകരുടെ തല്ല് കിട്ടിയിരുന്നു.
വടകര മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ത്ഥിയായിരുന്ന എ വിഭാഗം നേതാവ് ടി പി കുഞ്ഞിക്കേളു പത്രിക പിന്‍വലിക്കുമെന്ന് എ വിഭാഗക്കാര്‍ കേന്ദ്ര നിരീക്ഷകന് ഉറപ്പു നല്‍കിയിട്ടുണ്ട്. ചൊവാഴ്ചത്തെ അനുരഞ്ജന യോഗത്തില്‍ കുഞ്ഞിക്കേളു പങ്കെടുത്തിരുന്നില്ല. .












Click it and Unblock the Notifications