കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായനികുതിയില്‍ ഇളവ്

  • By Staff
Google Oneindia Malayalam News

ദില്ലി: മൂന്നു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ 5,000 രൂപയുടെ ഇളവ് പ്രഖ്യാപിച്ചു. ഏപ്രില്‍ 25 ബുധനാഴ്ച ലോക്സഭ പാസാക്കിയ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി യശ്വന്ത് സിന്‍ഹ ആദായനികുതിയിലടക്കം പുതിയ ചില ഇളവുകള്‍ പ്രഖ്യാപിച്ചത്. പലിശയില്‍ നിന്നുള്ള വരുമാനത്തിനും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇറക്കുമതിച്ചുങ്കം 35 ല്‍ നിന്ന് 60 ശതമാനമാക്കി. പ്ലാസ്റ്റിക് പാദരക്ഷകള്‍ക്ക് നാലു ശതമാനം അധിക നികുതി വേണ്ടെന്നു വച്ചു. വിവരസാങ്കേതിക വിദ്യയുടെ പ്രോത്സാഹനത്തിനായി 32 ഇനം യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം അഞ്ചു ശതമാനമായി ചുരുക്കി.

കേന്ദ്രബജറ്റ് പാസാക്കുന്നതിന്റെ അവസാനഘട്ടമായി ലോക്സഭയില്‍ ധനബില്‍ അവതരിപ്പിക്കവേയാണ് ധനമന്ത്രി യശ്വന്ത് സിന്‍ഹ ഇളവുകള്‍ പ്രഖ്യാപിച്ചത്. പ്രത്യക്ഷ നികുതിയിനത്തില്‍ നല്‍കുന്ന ഇളവുകള്‍ സര്‍ക്കാരിന് 1000 കോടി രൂപയുടെ നഷ്ടമുണ്ടാക്കും.

പുതുതായി പ്രഖ്യാപിച്ച പ്രത്യക്ഷ നികുതി ഇളവുകള്‍

ശമ്പളക്കാരായ നികുതിദായകര്‍ക്ക് ഇപ്പോള്‍ ഒരു ലക്ഷം രൂപ വരെ വരുമാനത്തിന് 25,000 രൂപയും ഒരു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയില്‍ വരുമാനത്തിന് 20,000 രൂപയുമാണ് ഇളവു നല്‍കുന്നത്. ഇതില്‍ 1,50,000 രൂപ വരെ വരുമാനത്തിന് ഇളവ് 25,000 രൂപയില്‍ നിന്ന് 30,000 രൂപയാക്കി. 1,50,000 മുതല്‍ മൂന്നു ലക്ഷം വരെ വരുമാനക്കാര്‍ക്ക് ഇളവ് 20,000 രൂപയില്‍ നിന്നും 25,000 രൂപയാക്കി. മൂന്നു ലക്ഷത്തിനു മേല്‍ അഞ്ചു ലക്ഷം വരെ വരുമാനത്തിന് 20,000 രൂപ തന്നെ ഇളവ് തുടരും.

പലിശയില്‍ നിന്നുള്ള വരുമാനത്തിന് 80-എല്‍ അനുസരിച്ച് 15,000 രൂപ വരെ ഇളവ് നല്‍കിയിരുന്നത് 9,000 രൂപയായി ബജറ്റില്‍ കുറച്ചിരുന്നു. അത് 12,000 രൂപയായി ഉയര്‍ത്തി. സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നിക്ഷേപത്തിനുള്ള പലിശയ്ക്കേ ഈ ഇളവ് ലഭിയ്ക്കൂ.

ടി ഡി എസ് പ്രകാരം പലിശയ്ക്ക് 2,500 രൂപ വരം ഇളവ് നല്‍കിയിരുന്നത് 5,000 രൂപയാക്കി.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് കോര്‍പറേറ്റ് മേഖലയ്ക്ക് ഒക്ടോബര്‍ 31 വരെയും അല്ലാത്തവര്‍ക്ക് ജൂലൈ 31 വരെയും സമയം നിശ്ചയിച്ചിരുന്നു. കോര്‍പറേറ്റ് മേഖലയില്‍ അല്ലാത്ത സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ് നടക്കുന്നവര്‍ക്കും ഇനി ആദായനികുതി ഫയല്‍ റിട്ടേണ്‍ ചെയ്യാനുള്ള സമയം ഒക്ടോബര്‍ 31 ആയിരിക്കും.

പ്രതിവര്‍ഷം 10 ലക്ഷം രൂപ വരെ വരുമാനമുള്ള ചാരിറ്റബിള്‍ട്രസ്റ്റുകള്‍ അവയുടെ അക്കൗണ്ടുകള്‍ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ബജറ്റില്‍ നിഷ്കര്‍ച്ചിരുന്നു. 10 ലക്ഷം രൂപയെന്നത് ഒരു കോടി രൂപയാക്കി ഉയര്‍ത്തി.

വരുമാനം കൂട്ടിവയ്ക്കുന്നതില്‍ 10(23 സി) പ്രകാരം ഫണ്ടുകള്‍ക്ക് നല്‍കി വന്ന ഇളവുകള്‍ മേലില്‍ സെക്ഷന്‍ 11 പ്രകാരം ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന ഇളവുകള്‍ക്ക് തുല്യമായി പരിഗണിക്കും. ഇവര്‍ക്ക് സമയപരിധി കൂടാതെ വരുമാനത്തിന്റെ 25% വരെ കൂട്ടി വയ്ക്കാം. 25 ശതമാനത്തില്‍ കൂടുതല്‍ വരുമാനം അഞ്ചു വര്‍ഷം വരെ മാത്രമേ കൂട്ടിവയ്ക്കാന്‍ കഴിയൂ.

കയറ്റുമതിക്കാര്‍ നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം ഒരു വര്‍ഷത്തെ വരുമാനത്തിന്റെ 40% ആ വര്‍ഷം തന്നെ നല്‍കണം. അടുത്ത മൂന്നു വര്‍ഷങ്ങളില്‍ ഇത് 60, 80,100 എന്ന നിരക്കില്‍ നല്‍കുകയും വേണം. ഇത് ആദ്യ വര്‍ഷം 30%, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 50,70, 100 എന്ന നിരക്കില്‍ മാറ്റി.

സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ കമ്പനികളാക്കുന്നതിന്റെ ഭാഗമായി ആസ്തികള്‍ കൈമാറുമ്പോള്‍ മൂലധനനേട്ട നികുതി ഒഴിവാക്കി.

പരോക്ഷ നികുതിയില്‍ വരുത്തിയിരിക്കുന്ന പ്രധാന ഇളവുകള്‍

വിവരസാങ്കേതിക വിദ്യയുടെ പ്രോത്സാഹനത്തിനായി 32 ഇനം യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം അഞ്ചു ശതമാനമായി ചുരുക്കി.

ഉപയോഗിച്ച കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയുടെ ഇറക്കുമതിച്ചുങ്കം ബജറ്റില്‍ 105 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍, പുതിയ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയുടെ പൂര്‍ണനിര്‍മിത യൂണിറ്റുകള്‍ (സി ബി യു) ഇറക്കുമതി ചെയ്യുന്നതിനും ചുങ്കം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രവ്യാപാര മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. അതു പ്രകാരം ഇവയ്ക്ക് കസ്റ്റംസ് ഡ്യൂട്ടി 35 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി.

125 രൂപ വരെയുള്ള പ്ലാസ്റ്റിക് പാദരക്ഷകള്‍ക്ക് നാലു ശതമാനം എക്സൈസ് ലെവി ഏര്‍പ്പെടുത്തിയത് ഉപേക്ഷിച്ചു.

ബ്രാന്‍ഡ് നെയിമുകളുള്ള റെഡിമെയ്ഡ് തുണിത്തരങ്ങളുടെ ഇറക്കുമതിക്ക് 16% ചുങ്കം ഏര്‍പ്പെടുത്തിയത് മറ്റ് എല്ലാവിധ തുണികളുടെ ഇറക്കുമതിക്കും കൂടി ബാധകമാക്കി. എന്നാല്‍, മഴക്കോട്ടുകള്‍, അടിവസ്ത്രങ്ങള്‍, തുണികളുടെ അലങ്കാരസാധനങ്ങള്‍ എന്നിവയെ ഇതില്‍ നിന്നൊഴിവാക്കി.

വനസ്പതി നിര്‍മാണരംഗത്തെ പീഡിത യൂണിറ്റുകള്‍ക്ക് അസംസ്കൃത പാമോയില്‍ 55ശതമാനം സൗജന്യനിരക്കില്‍ ഇറക്കുമതി ചെയ്യാമെന്ന വ്യവസ്ഥ റദ്ദാക്കി.

ടെലികോം ഉപകരണങ്ങളുടെ ഘടകങ്ങളില്‍പ്പെട്ടവയ്ക്ക് ഇറക്കുമതിച്ചുങ്കം 15 ല്‍ നിന്ന് അഞ്ചുശതമാനമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X