തൃശൂര്‍ പൂരത്തിന് കൊടിയേറി
തൃശൂര്‍ : ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഏപ്രില്‍ 26 വ്യാഴാഴ്ച കൊടിയേറി. മേടമാസത്തിലെ പൂരം നാളായ മെയ് രണ്ട് ബുധനാഴ്ചയാണ് പൂരം.
പൂരത്തിന്റെ സംഗമഭൂമിയായ വടക്കുന്നാഥക്ഷേത്രത്തിനു മുന്നില്‍ മണികണ്ഠനാല്‍ത്തറയില്‍ പൂരത്തിന്റെ വരവറിയിച്ചുകൊണ്ട് കൊടിയേറ്റി. തൃശൂര്‍ ഇനി പൂരലഹരിയിലാണ്. മേളവിസ്മയത്തിന്റെയും വര്‍ണ്ണപ്പകിട്ടിന്റെയും പൂരനാളുകള്‍ക്ക് വേണ്ടി അക്ഷമയോടെയുള്ള കാത്തിരിപ്പിന്റേതാണ് ഇനിയുള്ള 13 ദിവസങ്ങള്‍.
ചടങ്ങിന്റെ ഭാഗമായി പൂരത്തിലെ പ്രധാനപങ്കാളികളായ പാറമേക്കാവ് ക്ഷേത്രത്തിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. ഒപ്പം പൂരത്തില്‍ പങ്കെടുക്കുന്ന പരിസരപ്രദേശങ്ങളിലെ ക്ഷേത്രങ്ങളായ കണിമംഗലം, കാരമുക്ക്, ചെമ്പൂക്കാവ്, അയ്യന്തോള്‍, ചൂരക്കാട്ടുകാവ്, ലാലൂര്‍, നെയ്തലക്കാവ്, പനമുക്കുപള്ളി എന്നിവിടങ്ങളിലും കൊടിയേറി.
പൂരപ്രദര്‍ശനം തുടങ്ങി
തിരുവമ്പാടി ക്ഷേത്രത്തില്‍ ശുദ്ധികര്‍മ്മങ്ങള്‍ക്കുശേഷം വ്യാഴാഴ്ച രാവിലെ 11.30 നാണ് കൊടിയേറിയത്. പാറമേക്കാവില്‍ രാവിലെ 11.35നും 12.10നും ഇടയില്‍ പൂരക്കൊടിയേറ്റ് നടന്നു. തുടര്‍ന്ന് എഴുന്നള്ളിപ്പും വടക്കുന്നാഥക്ഷേത്രത്തില്‍ ആറാട്ടും നടത്തി. അതിനു ശേഷമായിരുന്നു മണികണ്ഠനാല്‍ത്തറയില്‍ കൊടിയുയര്‍ത്തിയത്.
പൂരത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രദര്‍ശനവും തുടങ്ങി. വടക്കുന്നാഥക്ഷേത്രത്തിനു കിഴക്കായി തേക്കിന്‍കാട് മൈതാനിയിലാണ് പ്രദര്‍ശന നഗരി ഒരുക്കിയിട്ടുള്ളത്.












Click it and Unblock the Notifications