തിരുവനന്തപുരത്ത് ബാലികാ വിവാഹം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാലികാ വിവാഹം. ഏപ്രില്‍ 26 വ്യാഴാഴ്ച ആറ്റിങ്ങലിലാണ് സംഭവം. ആറ്റിങ്ങല്‍ അവനവഞ്ചേരി എന്‍ കെ മന്‍സിലില്‍ എ എ കബീറിന്റെ മകള്‍ ജെസിമോള്‍ എന്ന ജെസീറാ ബീവിയുടെ വിവാഹമാണ് വിവാദമായിരിക്കുന്നത്.
പതിനാലര വയസുമാത്രമേ ജെസിമോള്‍ക്കുള്ളൂവെന്ന് സ്കൂള്‍ രേഖകള്‍ വ്യക്തമാക്കുന്നു. തിരുവല്ലം സ്വദേശി അര്‍ഷാദിന് ബാലികയെ വിവാഹം കഴിച്ചുകൊടുക്കുന്നതായി നാട്ടുകാരില്‍ ഒരാള്‍ വ്യാഴാഴ്ച വനിതാകമ്മീഷന് പരാതി നല്‍കി. ഇതേ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സി ഐ വര്‍ഗീസ് തോമസ്, എസ് ഐ ഗിരിജാകുമാരി എന്നിവരെ കമ്മീഷന്‍ നിയോഗിച്ചു.
മംഗലപുരം സഫാ ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. അന്വേഷണസംഘം ഓഡിറ്റോറിയത്തിലെത്തിയപ്പോഴേയ്ക്കും വിവാഹം നടന്നു കഴിഞ്ഞിരുന്നു. എന്നാല്‍, ബാലികയെ ബന്ധുക്കള്‍ ഒളിപ്പിച്ചു. തുടര്‍ന്ന് നാട്ടിലും പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലും അന്വേഷിച്ച ശേഷം സംഘം റിപ്പോര്‍ട്ട് തയ്യാറാക്കി. ആറ്റിങ്ങലിലെ സ്കൂളില്‍ നിന്നാണ് പെണ്‍കുട്ടിയുടെ പ്രായത്തെ സംബന്ധിക്കുന്ന വിവരം അന്വേഷണസംഘത്തിനു ലഭിച്ചത്.
എട്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ പെണ്‍കുട്ടിയ്ക്ക് ഒന്‍പതിലേയ്ക്ക് ക്ലാസ് കയറ്റം കിട്ടിയതായും സ്കൂള്‍ അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടിയെടുക്കാന്‍ വനിതാ കമ്മീഷന്‍ റൂറല്‍ എസ് പി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications