മദ്യപാനം: ഡെ. രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: സ്ഥിരമായി മദ്യപിച്ചു ജോലിക്കുവരികയും ഓഫീസില്‍ ബഹളമുണ്ടാക്കുകയും ചെയ്തിരുന്ന ഡെപ്യൂട്ടി രജിസ്ട്രാറെ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍ സസ്പെന്‍ഡു ചെയ്തു.
സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.ജി. കൃഷ്ണകുമാരന്‍നായരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ചു ബഹളമുണ്ടാക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജോയിന്റ് റജിസ്ട്രാര്‍ സുരേഷ്ബാബുവിനെ വൈസ് ചാന്‍സലര്‍ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. ജോയിന്റ് റജിസ്ട്രാര്‍ ടേപ് റെക്കോര്‍ഡറുമായെത്തിഡെപ്യൂട്ടി റജിസ്ട്രാര്‍ പറഞ്ഞതൊക്കെ റെക്കോര്‍ഡ് ചെയ്ത് വൈസ്ചാന്‍സലര്‍ക്ക് നല്‍കുകയും ചെയ്തു.
സ്ഥിരമായി മദ്യപിച്ച് ഓഫീസിലെത്തി ബഹളമുണ്ടാക്കാറുള്ളതുകൊണ്ട് കാര്യവട്ടത്ത് ഈ ഡെപ്യൂട്ടി രജിസ്ട്രാറുടെ മുറിക്കു പുറത്ത് മറ്റു ജീവനക്കാര്‍ മദ്യപിച്ച് അകത്ത് ആളുണ്ട്, ശല്യപ്പെടുത്തരുത് എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഓഫീസില്‍ വന്ന രണ്ടു ദിവസവും ബോര്‍ഡ് അവിടെത്തന്നെയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പത്രമോഫീസുകളില്‍ വിളിച്ചു വിവരം പറഞ്ഞു. വാര്‍ത്താലേഖകര്‍ അന്വേഷിച്ചപ്പോഴാണ് വൈസ് ചാന്‍സലര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്.












Click it and Unblock the Notifications