കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശമലയാളിക്ഷേമത്തില്‍ മുന്നണികള്‍ക്ക് മൗനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വോട്ടില്ലാത്തതിനാലോ എന്തോ വിദേശമലയാളികളെ എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും വേണ്ടെന്നായിരിക്കുന്നു. അതേ സമയം അവരുടെ പണം ഉപയോഗിക്കാനുള്ള ചില തന്ത്രങ്ങള്‍ ഇരുമുന്നണികളുടെയും ബിജെപിയുടെയും പ്രകടനപത്രികകളിലുണ്ട്.

അതേ സമയം അവര്‍ക്ക് അര്‍ഹിക്കുന്ന സഹായങ്ങളൊന്നും ഇരുമുന്നണികളും വാഗ്ദാനം ചെയ്തിട്ടില്ല. ഇവര്‍ പുറത്തിറക്കിയ പ്രകടനപത്രിക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. വിവരസാങ്കേതികവിദ്യയ്ക്ക് കാര്യമായി പ്രാധാന്യം നല്കി തയ്യാറാക്കിയിട്ടുള്ള പ്രകടനപത്രികകളില്‍ പ്രവാസി മലയാളികള്‍ക്കായി കാര്യമായ വാഗ്ദാനങ്ങളില്ല. പ്രവാസികള്‍ക്കായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ച ഇടതുമുന്നണി പോലും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു. എങ്ങുമെത്താത്ത നോണ്‍ റെസിഡന്റ്സ് കേരളാ അസോസിയേഷനെ (നോര്‍ക്ക) നവീകരിക്കുമെന്നോ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നോ ഉള്ള കാര്യത്തില്‍ ഇടതുമുന്നണി പ്രകടനപത്രികയില്‍ ഒന്നും പറയുന്നില്ല.

എന്നാല്‍ വിദേശമലയാളി അയച്ചുകൊടുക്കുന്ന ഡോളറുകളിലും റിയാലുകളിലുമാണ് ദൈവത്തിന്റെ സ്വന്തം നാട് പട്ടിണി കൂടാതെ കഴിഞ്ഞു പോകുന്നതെന്ന് എല്ലാ കക്ഷികളിലെയും ബുദ്ധികേന്ദ്രങ്ങള്‍ക്ക് ബോധ്യമുണ്ട്. മാത്രമല്ല ഇനിയും അവരെ പിഴിഞ്ഞാല്‍ മാത്രമേ സംസ്ഥാനത്തിന് എല്ലാ തലത്തിലും പുരോഗതി നേടാനാകൂ എന്നും അവര്‍ മനസിലാക്കിയിരിക്കുന്നു. അതു കൊണ്ട് തന്നെ എന്‍ആര്‍ഐ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് ഇടതുമുന്നണി പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

അല്ലാതെ 27, 000 കോടി രൂപ കടത്തില്‍ കഴിയുന്ന കേരളത്തിനകത്തു നിന്നും ഇനിയെന്തെങ്കിലും എടുത്ത് ഒരു സാമ്പത്തിക കുതിപ്പ് നടത്താമെന്ന വ്യാമോഹമൊന്നും ഇവര്‍ക്കില്ല. കാരണം വിത്തുമെടുത്ത് കുത്തിക്കഴിഞ്ഞുവെന്ന് ഇരുമുന്നണികള്‍ക്കും അറിയാം.

പണം മതി, വിദേശമലയാളിയെ വേണ്ട

വിദേശ മലയാളികളുടെ സഹകരണത്തോടെ ഐടി മേഖല വികസിപ്പിക്കുമെന്നാണ് ബിജെപി പ്രകടനപത്രിക പറയുന്നത്. ഉന്നതവിദ്യാഭ്യാസ മേഖല അഴിച്ചുപണിയാന്‍ പ്രവാസി മലയാളി നിധി രൂപീകരിക്കുമെന്നും ബിജെപി പറയുന്നു. എന്നാല്‍ വിദേശമലയാളി ക്ഷേമത്തെ പറ്റി ബിജെപി പ്രകടനപത്രിക മൗനം പാലിക്കുന്നു. അതായത് പ്രവാസിയുടെ പണം വേണം പ്രവാസിയെ വേണ്ട എന്ന്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലുണ്ടായിരുന്നിട്ടു പോലും പ്രവാസിക്ക് വോട്ടവകാശം നേടിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ടവരില്‍ നിന്നും പ്രവാസികള്‍ അധികമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാവും ബിജെപി കരുതുന്നത്.

പ്രവാസികളുടെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പ്രത്യേക സംവിധാനം രൂപീകരിക്കുമെന്നും ഇതിനായി മ്യൂച്വല്‍ ഫണ്ട് രൂപീകരിക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരുമായും വിദേശ എംബസികളുമായും ബന്ധപ്പെട്ടുള്ള പ്രവാസികളുടെ പ്രശ്നങ്ങള്‍ സത്വരമായി കൈകാര്യം ചെയ്യുന്നതിന് ദില്ലിയിലെ കേരളാ ഹൗസില്‍ ഒരു ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുറക്കുമെന്നും യുഡിഎഫ് വാഗ്ദാനം നല്‍കുന്നു.

സ്വകാര്യ പ്രൊഫഷണല്‍ കോളേജുകള്‍ അനുവദിക്കുന്നതില്‍ പ്രവാസി മലയാളികളുടെ സംഘടനകള്‍ക്ക് പരിഗണന നല്‍കും. ഗള്‍ഫ് നാടുകളില്‍ മെഡിക്കല്‍ -എഞ്ചിനിയറിംഗ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നു.

ആത്മാര്‍ത്ഥതയില്ലാത്ത വോട്ടവകാശവാഗ്ദാനം

എന്നാല്‍ വര്‍ഷങ്ങളായി പറഞ്ഞ് മോഹിപ്പിക്കുന്ന കാര്യം ഇത്തവണയും യുഡിഎഫ് ആവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫ് മലയാളികള്‍ക്ക് വോട്ടവകാശം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നതാണ് അത്. വിരലിലെണ്ണാവുന്ന ഏതാനും വര്‍ഷങ്ങള്‍ ഒഴിച്ചാല്‍ ബാക്കിയുള്ള കാലം ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസാണ്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര മന്ത്രിമാരായിരിന്നിട്ടുമുണ്ട്. അന്നൊന്നും കഴിയാത്ത കാര്യമാണോ ഇനി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യുഡിഎഫ് ചെയ്യാന്‍ പോകുന്നത് ?

വിദേശമലയാളിയുടെ പണം യുഡിഎഫിനെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിദേശമലയാളികള്‍ക്കായി ഹൗസിംഗ് ഡെവലപ്മെന്റ് ഫണ്ട്, കേരളാ മ്യൂച്വല്‍ ഫണ്ട് എന്നിവ രൂപീകരിച്ച് വരുമാനമാര്‍ഗം കണ്ടെത്തുമെന്ന് യുഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നു. വിദേശമലയാളികളുടെ സമ്പാദ്യം കേരളത്തില്‍ തന്നെ നിക്ഷേപിക്കുന്നതിന് ആവശ്യമായ സംവിധാനമുണ്ടാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X